മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) ഹാക്ക് ചെയ്യാൻ കഴിയുമെന്ന അവകാശവാദവുമായി യുവാവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ അവകാശവാദമുന്നയിച്ചത്. ഇതിന്‍റെ വിഡിയോ വൈറലായതോടെ, തെറ്റായ അവകാശവാദമാണിതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തി.
സൈദ് ശൂജ എന്നയാളാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് കാണിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഫ്രീക്വൻസി ഐസൊലേഷൻ’ എന്ന സാങ്കേതികവിദ്യയും ഇതുമായി ബന്ധിപ്പിച്ച മൊബൈൽ ആപ്പും ഉപയോഗിച്ച് വോട്ടുകളിൽ തിരിമറി നടത്താനാകുമെന്നും ഒരു പ്രത്യേക പാർട്ടിക്ക് അനുകൂലമാകുന്ന തരത്തിൽ വോട്ടിങ് യന്ത്രങ്ങൾ പ്രീ-പ്രോഗ്രാം ചെയ്യാമെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്.
വിഡിയോ വൈറലായതോടെ തെരഞ്ഞെടുപ്പ് കമീഷൻ ഈ വാദം നിഷേധിച്ച് രംഗത്തെത്തി. ഇ.വി.എം ഹാക്ക് ചെയ്യാനാകുമെന്നത് തെറ്റായതും അടിസ്ഥാനരഹിതവുമായ അവകാശവാദമാണെന്ന് കമീഷൻ പറഞ്ഞു. മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫിസറുടെ പരാതിയിൽ ഇയാൾക്കെതിരെ സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇ.വി.എമ്മുകൾ മറ്റൊരു സംവിധാനവുമായി വൈഫൈ വഴിയോ ബ്ലൂടൂത്ത് വഴിയോ മറ്റെന്തെങ്കിലും വഴിയോ കണക്ട് ചെയ്യാൻ പറ്റാത്തവയാണെന്ന് കമീഷൻ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. അതുകൊണ്ടുതന്നെ ഇ.വി.എം അട്ടിമറിയെന്ന ചോദ്യംതന്നെ ഉദിക്കുന്നില്ല. സുപ്രീംകോടതി തന്നെ പല സാഹചര്യങ്ങളിലായി ഇ.വി.എമ്മിന്‍റെ വിശ്വാസ്യത അംഗീകരിച്ചതാണ്.
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെട്ട വ്യക്തിക്കെതിരെ 2019ൽ സമാനമായ മറ്റൊരു സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഇയാൾ മറ്റേതോ രാജ്യത്ത് ഒളിഞ്ഞിരിക്കുകയാണെന്നും കമീഷൻ പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇ.വി.എം അട്ടിമറി നടന്നോയെന്ന സംശയം കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പല സീറ്റുകളിലും അന്തരമുണ്ടായതും ഇ.വി.എം തിരിമറിയെന്ന വാദത്തിന് ശക്തിയേകിയിരുന്നു.