ദേശീയപാത 66 നിര്‍മ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി, തലപ്പാടി-ചെങ്കള ഉൾപ്പെടെ 4 സ്ട്രച്ചുകൾ മാര്‍ച്ച് 31ന് മുമ്പ് പൂർത്തിയാക്കും

0
108

തിരുവനന്തപുരം :ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ദേശീയപാത നിര്‍മ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഏഴോളം ജലശ്രോതസ്സുകളില്‍ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി എന്‍എച്ച്എഐ ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി വേമ്പനാട്ട് കായല്‍ എന്നിവിടങ്ങളില്‍ നിന്ന് അനുമതി നല്‍കി കഴിഞ്ഞതായും ബാക്കിയുള്ളവ പരിശോധിച്ച് വരുകയാണെന്നും ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ നിന്നും മണ്ണ് എടുക്കാനുള്ള അനുമതി ലഭിച്ചശേഷം ചില സ്ഥലങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അതിനാവുന്നില്ലെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളില്‍ കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കരാറുകാര്‍ ആവശ്യപെട്ടു. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 17,293 കേസുകളാണ് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ദേശിയപാത 66 നായി ഭൂമി ഏറ്റെടുക്കലിന്‍റെ പുരോഗതി 90 മുതല്‍ 95 ശതമാനം വരെ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. എന്‍എച്ച് 66 ന്‍റെ നിര്‍മ്മാണത്തിനായി 5580 കോടി രൂപ ഇതിനോടകം സംസ്ഥാനം മുടക്കിയിട്ടുണ്ട്. എന്‍എച്ച് 966 നിര്‍മ്മാണത്തിനായി 1065 കോടി രൂപയും എന്‍എച്ച് 66നായി 237 കോടി രൂപയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തിനോടാവശ്യപ്പെടുന്നുണ്ട്.

മണ്ണ് ലഭിക്കാത്തിനാലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് പ്രതീക്ഷിച്ച പുരോഗതിയുണ്ടാകാത്തതെന്ന് കരാറുകാര്‍ അഭിപ്രായപ്പെട്ടു. 50 ശതമാനത്തില്‍ താഴെ നിര്‍മ്മാണ പുരോഗതിയുള്ള സ്ട്രെച്ചുകളെ സംബന്ധിച്ച് യോഗം പ്രത്യേകമായി വിലയിരുത്തി. അരൂര്‍ – തുറവൂര്‍ 41 ശതമാനം, തുറവൂര്‍- പറവൂര്‍ 27 ശതമാനം, പറവൂര്‍- കൊറ്റംക്കുളങ്ങര 47 ശതമാനം, കടമ്പാട്ടുകോണം – കഴക്കൂട്ടം 36 ശതമാനം എന്നിങ്ങനെയാണ് പ്രവര്‍ത്തന പുരോഗതി. ഓരോ മാസവും അഞ്ച് ശതമാനം പുരോഗതി ഉണ്ടയിട്ടില്ലെങ്കില്‍ കരാറുകാരനെ ടെര്‍മ്മിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് നാഷണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. അരൂര്‍ – തുറവൂര്‍ റൂട്ടിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ആലപ്പുഴ എറണാകുളം കലക്ടമാര്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പെര്‍ഫോമെന്‍സ് കുറവുള്ള കരാറുകാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും എന്‍എച്ച്എഐ അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയെക്കൂടാതെ പൊതുമരാമത്ത് വകുപ്പ മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജല വിഭവ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ദേശിയപാത റീജ്യണല്‍ ഓഫീസര്‍ ബി. എല്‍ വീണ, കെഎസ്ഇബി ചെയര്‍മാന്‍ ബിജുപ്രഭാകര്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍, ദേശിയപാത വിഭാഗത്തിലെ പ്രോജക്ട് ഡയറക്ടര്‍മാര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here