ഉപ്പള: ദേശീയപാത സര്‍വീസ് റോഡിന്റെ പ്രവൃത്തി നടക്കുന്നത് മൂലം ഉപ്പളയില്‍ ഗതാഗത തടസം. ഉപ്പള ബസ്സ്റ്റാന്റില്‍ ബസുകള്‍ കയറാത്തത് ദുരിതമാകുന്നു. ഇതുകാരണം വ്യാപാരികള്‍ക്ക് മാസം തോറും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. നാല് മാസത്തോളമായി കേരള, കര്‍ണാട ട്രാന്‍സ്‌പോര്‍ട്ട് ബസുകളും കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളും ഒന്നും സ്റ്റാന്റില്‍ കയറാതെ സ്റ്റാന്റിന് സമീപം നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ആളുകള്‍ എത്താത്തതിനാല്‍ മാസംതോറും വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മംഗല്‍പാടി പഞ്ചായത്ത് കോപ്ലക്‌സില്‍ വാടക മുറികളടക്കം 150ല്‍ പരം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് വാടകയായി വ്യാപാരികള്‍ക്ക് നല്‍കേണ്ടിവരുന്നത്. ചില വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുപൂട്ടല്‍ ഭീഷിണിയിലാണ്.
സര്‍വീസ് റോഡിന്റെ പ്രവൃത്തി കാരണം പല സ്ഥലങ്ങളിലും ഗതാഗതം സ്തംഭിക്കുന്നത് കാരണം ബസുകള്‍ക്ക് കൃത്യസമയത്ത് അതാത് സ്ഥലങ്ങളില്‍ എത്താന്‍ പറ്റാത്തത് കാരണമാണ് ബസ്സ്റ്റാന്റില്‍ കയറിയിറങ്ങാത്തതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
പൈവളിഗെ, ബായാര്‍, മിയാപ്പദവ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ചുരുക്കം ചില ബസുകള്‍ മാത്രമാണ് ബസ്സ്റ്റാന്റില്‍ കയറുന്നത്. ബസുകള്‍ ബസ്സ്റ്റാന്റിന് സമീപത്തെ സര്‍വീസ് റോഡില്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിടുന്നത് കാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍ കുടുങ്ങുന്നത് പതിവ് കാഴ്ച്ചയാണ്. സര്‍വീസ് റോഡിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും എന്നിട്ടും ബസുകള്‍ കയറാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉണ്ട്.
പഞ്ചായത്ത് അധികൃതര്‍ ഒരാഴ്ചയ്ക്കകം നടപടി എടുത്തില്ലെങ്കില്‍ ബസുകളെ തടയുമെന്ന് വ്യാപാരികള്‍ പറയുന്നു.