ഒടുവിൽ അല്ലു ജയിൽ മോചിതൻ; ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവൻ അഴിക്കുള്ളിൽ

0
91

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ‌ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവിൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്നത്.

ഇന്നലെ രാത്രി ജയിലിനു പുറത്തുണ്ടായിരുന്ന അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ഏറെ നേരത്തെ കാത്തുനിൽപ്പിനു ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയും ജയിലിനു മുന്നിലുണ്ടായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഉടൻ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി.

അറസ്റ്റിനെതിരെ തെലങ്കാനയിലാകെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും അറസ്റ്റിനെതിരെ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here