അബ്ദുൽ റഹീമിന്‍റെ മോചനം വൈകും, കേസ് വിധി പറയാനായി മാറ്റി; കോടതി സിറ്റിങ്ങിൽ ജയിലിൽ നിന്ന് പങ്കെടുത്ത് റഹീമും

0
88

റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് വൈകും. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് നടന്ന സിറ്റിങ്ങിനൊടുവിൽ കേസ് വിധി പറയാനായി മാറ്റിവെച്ചു. ഓൺലൈനായി നടന്ന കോടതി സിറ്റിങ്ങിൽ ജയിലിൽ നിന്ന് റഹീമും റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു.

കേസിൽ ഇന്ന് കോടതി വിധി പറയുമെന്നും അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നും ആയിരുന്നു പ്രതീക്ഷ. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയിൽ നടന്നത്. ഒന്നര കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു.

ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു.

എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഇന്നത്തേക്കാണ് (ഡിസംബർ എട്ട്) അടുത്ത സിറ്റിങ് നിശ്ചയിച്ചത്. അത് പ്രകാരം ഇന്ന് രാവിലെ 11.30 ഓടെ കേസ് വീണ്ടും പരിഗണിച്ച കോടതി എല്ലാ തലങ്ങളിലെയും സൂക്ഷ്മപരിശോധനക്കൊടുവിൽ വിധി പറയാനായി മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here