അബ്ദുറഹീമിന്റെ കേസ് വീണ്ടും കോടതിയില്‍; ജയില്‍ മോചനം ഇന്ന് ഉണ്ടായേക്കും; പ്രതീക്ഷയില്‍ രാജ്യവും കുടുംബവും

0
144

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് വിധിപറയുന്നതിന് മാറ്റിയിരുന്നു. അബ്ദുറഹീമും, അഭിഭാഷകനും കോടതിയില്‍ ഹാജരാകും.

ജൂലൈ രണ്ടിന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.

ഡിസംബര്‍ എട്ടിനായിരുന്നു ഒരുവില്‍ കേസ് പരിഗണിച്ചത്. നാല് ദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുന്നത് ജയില്‍ മോചനത്തിന് മറ്റു തടസങ്ങള്‍ ഇല്ലാത്തത് കൊണ്ടാകുമെന്നാണ് വിലയിരുത്തല്‍. മോചന ഉത്തരവ് ഉണ്ടായാല്‍ റിയാദ് ഗവര്‍ണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീമയിന് നാട്ടിലേക്ക് മടങ്ങാന് സാധിക്കും.

2006ലാണ് അബ്ദുല്‍ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാല്‍ (34 കോടി രൂപ) മലയാളികള്‍ ഒന്നാകെ ശേഖരിച്ചാണ് നല്‍കിയത്. തുടര്‍ന്നാണ് റഹീമിനായി സമര്‍പ്പിച്ച അപേക്ഷയില്‍ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ഇതോടെ പ്രൈവറ്റ് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്.

മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ ഇന്ന് മോചിപ്പിക്കണമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here