റാഞ്ചി: വിവാഹിതയായ മകൾക്ക് അവിഹിത ബന്ധം ആരോപിച്ച മരുമകനെ കുടുക്കാനായി കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയ 46കാരൻ അറസ്റ്റിൽ. റാഞ്ചി എംപിയും കേന്ദ്രമന്ത്രിയുമായ സഞ്ജയ് സേഥിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭീഷണിയും പണം തട്ടൽ സന്ദേശവും ലഭിച്ചത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു കേന്ദ്രമന്ത്രിക്ക് ലഭിച്ച സന്ദേശം.
മൂന്ന് ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. റാഞ്ചിയിലെ കാങ്കേയിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് പൊലീസ് അന്വേഷണത്തിന്റെ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് പിന്നാലെ ഞായറാഴ്ചയാണ് റാഞ്ചി സ്വദേശിയായ മിനാജുൻ അൻസാരിയെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
മകൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മരുമകൻ അടുത്തിടെ 46കാരനെ പൊതുവിടത്തിൽ രൂക്ഷമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. മകൾക്കായി മരുമകൻ സ്വന്തം പേരിൽ വാങ്ങിയ സിം കാർഡ് ഉപയോഗിച്ച് കേന്ദ്രമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചാണ് പരിചയക്കാരുടേയും ബന്ധുക്കളുടേയും മുന്നിൽ വച്ചുണ്ടായ അപമാനത്തിന് 46കാരൻ പ്രതികാരം ചെയ്തത്. മകൾക്ക് മരുമകൻ വാങ്ങി നൽകിയ ഫോണിൽ നിന്നായിരുന്നു ഭീഷണി സന്ദേശം അയച്ചത്.
ദില്ലി പൊലീസ് സംഘം രണ്ട് ദിവസം അന്വേഷിച്ചാണ് ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത 46കാരനെ ദില്ലിയിലേക്ക് കൊണ്ടുപോകാനുള്ള ഹർജി ഫയൽ ചെയ്തിരിക്കുകയാണ് പൊലീസ്. വെള്ളിയാഴ്ച രാത്രിയാണ് കേന്ദ്രമന്ത്രിക്ക് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ തന്നെ കേന്ദ്ര മന്ത്രി ദില്ലി പൊലീസിലും ജാർഖണ്ഡ് ഡിജിപി അനുരാഗ് ഗുപ്തയ്ക്കും പരാതി നൽകുകയായിരുന്നു. ദില്ലി പൊലീസും റാഞ്ചി പൊലീസിലെ തീവ്രവാദ വിരുദ്ധ സേനയും ചേർന്നാണ് സംഭവത്തിലെ പ്രതിയെ കണ്ടെത്തിയത്.