മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ കേസുകളിലായി മലയാളിയുൾപ്പെടെ മൂന്ന് യാത്രക്കാരിൽനിന്ന് 1.15 കോടി രൂപ വില വരുന്ന സ്വർണവും കുങ്കുമപ്പൂവും പിടിച്ചെടുത്തു. എട്ടിനും 11-നും ഇടയിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിൽ എത്തിയ കാസർകോട് സ്വദേശിയിൽനിന്നും ഉത്തര കന്നഡ ഹൊന്നാവർ സ്വദേശികളിൽനിന്നുമാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ഇവ പിടിച്ചെടുത്തത്.
പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടുപേർ സ്വർണം പശരൂപത്തിൽ ഗോളങ്ങളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താനാണ് ശ്രമിച്ചത്.
മറ്റൊരാൾ സ്വർണം പൊടിയാക്കി പേപ്പർ പെട്ടിയുടെ അടിവശത്ത് ഒട്ടിച്ചു വെച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളിൽനിന്ന് ചെറു ആഭരണങ്ങളും 478 ഗ്രാം കുങ്കുമപ്പൂവും പിടിച്ചെടുത്തിട്ടുണ്ട്.