ഗുകേഷ് ലോക ചെസ് ജേതാവ്; അവസാന ഗെയിമിൽ ഡിങ് ലിറനെ അട്ടിമറിച്ചു

0
83

സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.

ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ​ഗു​ഗേഷ് മറികടന്നത്.

ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കി.

എന്നാൽ 12-ാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെ ലിറൻ പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ​ഗു​ഗേഷിനൊപ്പമെത്തിയത് (6-6). വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.5-6.5). അവസാന ​ഗെയിമായ 14-ൽ കറുത്ത കരുക്കളായിരുന്നിട്ടും ​ഗു​കേഷ് ചരിത്ര വിജയം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here