ഉപ്പളയില്‍ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിന്റ സൂത്രധാരന്‍ അറസ്റ്റില്‍

0
22

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പളയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, ത്രിച്ചി, രാംജിനഗര്‍, ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണ(28)നെയാണ് ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സംഘത്തലവനായ കാര്‍വര്‍ണ്ണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍ വേഷം മാറിയെത്തി താമസിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാര്‍വര്‍ണ്ണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം ചാടിവീണു. പ്രതി പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് സാഹസികമായാണ് കാര്‍വര്‍ണ്ണനെ കീഴടക്കിയത്. പൊലീസ് സംഘത്തില്‍ മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി, എസ്.ഐ ദിനേശ് രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ഷുക്കൂര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

2024 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ വാഹനത്തില്‍ നിന്നാണ് പട്ടാപ്പകല്‍ പണം കവര്‍ന്നത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. സംഘാംഗമായ മുത്തര്‍കുമാരനെ മഞ്ചേശ്വരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഘത്തലവനായ കാര്‍വര്‍ണനും കൂട്ടുപ്രതിയും വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here