ബംഗളൂരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിയത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍.
ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.