ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വരെ; നാളെ മുതല്‍ അഞ്ചുമാറ്റങ്ങള്‍

0
165

നവംബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടം ഉള്‍പ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:

1. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്

മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് ട്രെയിന്‍ പുറപ്പെടുന്ന ദിവസം ഒഴികെയുള്ളതാണ്. പുതിയ വ്യവസ്ഥ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.

2. ആര്‍ബിഐയുടെ ആഭ്യന്തര പണ കൈമാറ്റ ചട്ടം

ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട് നാളെ പ്രാബല്യത്തില്‍ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം. ബാങ്കിങ് ഔട്ട്ലെറ്റുകളുടെ ലഭ്യത, ഫണ്ട് കൈമാറ്റത്തിനുള്ള പേയ്മെന്റ് സംവിധാനങ്ങളുടെ വികാസം, കെവൈസി ആവശ്യകതകള്‍ എളുപ്പം നിറവേറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവയില്‍ പുരോഗതി ഉണ്ടായതായി ജൂലൈ 24ലെ ആര്‍ബിഐ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്.

3. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്

ഒരു ബില്ലിങ് കാലയളവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഒരു ശതമാനം സര്‍ചാര്‍ജ് ഈടാക്കും. 50,000 രൂപയില്‍ താഴെയാണെങ്കില്‍ നിലവിലെ സ്ഥിതി തുടരും. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രതിമാസ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം.

4. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പ്രോഗ്രാമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ്, പലചരക്ക് വാങ്ങല്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബര്‍ 15 മുതല്‍ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കല്‍ അടക്കമാണ് മാറ്റങ്ങള്‍. വിദ്യാഭ്യാസ ആവശ്യത്തിന് തേര്‍ഡ് പാര്‍ട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങള്‍ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങള്‍.

5. ഇന്ത്യന്‍ ബാങ്ക് സ്‌പെഷ്യല്‍ എഫ്ഡി

ഇന്ത്യന്‍ ബാങ്ക് സ്പെഷ്യല്‍ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബര്‍ 30 ആണ്. ‘ഇന്‍ഡ് സൂപ്പര്‍ 300’ സ്‌കീം അനുസരിച്ച് സാധാരണക്കാര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.55 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനവും പലിശ ലഭിക്കുന്നാണ് സ്ഥിര നിക്ഷേപ പദ്ധതി. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതല്‍ മൂന്ന്് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here