വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വിശ്വസിക്കരുത് ഈ സന്ദേശങ്ങൾ; മുന്നറിയിപ്പുമായി പോലീസ്

0
105

ആലപ്പുഴ: ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാന്‍ പുറപ്പെടേണ്ട. വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്, സൂക്ഷിച്ചില്ലേല്‍ പണവും മാനവും പോകും. വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസ്.

വര്‍ക്ക് ഫ്രം ഹോം ജോലിയുടെ ഭാഗമായി വീട്ടിലിരുന്ന് മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൈസ സമ്പാദിക്കാം എന്ന പരസ്യത്തോടുകൂടിയുള്ള ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അയച്ചുനല്‍കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഇതു തുറന്ന് അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടും. അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍ ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു പറയും. വരുമാനം നേടുന്നതിനായി പല ഘട്ടങ്ങളിലായി തുകകള്‍ നിക്ഷേപിക്കേണ്ടിവരും. കൂടുതല്‍ വരുമാനം നേടുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലിങ്ക് അയയ്ക്കാനും ആവശ്യപ്പെടും.

ഒടുവില്‍ കൊടുത്ത പണവും നേടിയ പണവും പിന്‍വലിക്കാന്‍ കഴിയാതെവരുമ്പോഴാണ് തട്ടിപ്പിന് ഇരയായെന്നു മനസ്സിലാവുക. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ ജോലികള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പോലീസ് നിര്‍ദേശിച്ചു. തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here