പുതുതായി 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളും; സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി

0
101

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നിർദിഷ്‌ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. തദ്ദേശസ്ഥാപനങ്ങളിലും കലക്‌ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമീഷന്റെ https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കരട്‌ വിജ്ഞാപനം ലഭിക്കും. ഇതിന്റെ പകർപ്പ്‌ പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്‌ടിയും നൽകിയാൽ ജനങ്ങൾക്കും ലഭിക്കും.

ഡിസംബർ മൂന്നുവരെ ഇത്‌ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. സാധൂകരിക്കുന്ന രേഖകളുണ്ടെങ്കിൽ അവയുടെ പകർപ്പും നൽകണം. ഇത്‌ പരിശോധിച്ച്‌ കലക്ടർമാർ വ്യക്തമായ ശുപാർശകളോടുകൂടി ഡീലിമിറ്റേഷൻ കമീഷന് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ കമീഷൻതന്നെ പരാതി നേരിട്ട്‌ തീർപ്പാക്കും. അതിനുശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

2011ലെ സെൻസസ് അടിസ്ഥാനമാക്കി വാർഡുകളുടെ എണ്ണം പുതുക്കിയിരുന്നു. ഇതനുസരിച്ച്‌ പഞ്ചായത്തുകളിൽ 1375 വാർഡും മുനിസിപ്പാലിറ്റികളിൽ 128 വാർഡും കോർപറേഷനുകളിൽ ഏഴ് വാർഡും പുതുതായി വരും. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ. അടുത്ത ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടക്കും.

ഇതാദ്യമായാണ് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വാർഡുകൾ പുനർനിർണയിച്ച്‌ ഭൂപടം തയ്യാറാക്കുന്നത്‌. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പാണ് ഉപയോഗിച്ചത്. ഭൂപടം പൊതുജനങ്ങൾക്ക് കാണാനും പ്രിന്റ് എടുക്കാനും കഴിയുന്ന രീതിയിലാണ്‌ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here