പ്രിയങ്ക ഗാന്ധിക്ക് നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടൽ

0
50

കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. പ്രചാരണം അടക്കം കാര്യമായി നടത്താതെ എൽഡിഎഫ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നുവെന്നും യുഡിഎഫ് വിലയിരുത്തുന്നു.

ഏഴ് മാസത്തെ ഇടവേളയില്‍ തെര‍ഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അ‍ഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകളില്‍ നിന്ന് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നടത്തുന്നത്.

മാനന്തവാടിയില്‍ 38,000, സുൽത്താൻ ബത്തേരിയില്‍ 43,000, കല്‍പ്പറ്റയില്‍ 49,000 എന്നിങ്ങനെയായിരുന്നു രാഹുല്‍ വയനാട് ജില്ലയില്‍ നേടിയ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഈ മൂന്ന് മണ്ഡലങ്ങളിലും അരലക്ഷത്തിലധികം വോട്ട് പിടിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും രാഹുലിനെ പ്രിയങ്ക മറികടക്കും. പുരുഷ വോട്ടർമാരേക്കാള്‍ ഉപതെരഞ്ഞെടുപ്പില്‍ 43,000 ത്തോളം സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തുവെന്നതും പ്രിയങ്കക്ക് അനുകൂലമാകുമെന്നും യുഡിഎഫ് വ്യാഖ്യാനിക്കുന്നു.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രചരണം കുറച്ച എൽഡിഎഫ് അക്രമണോത്സുകത കുറച്ച് പോളിങ് കുറക്കാനും അത് വഴി പ്രിയങ്കയുടെ ലീഡ് കുറക്കാനും ലക്ഷ്യമിട്ടാണെന്നും യുഡിഎഫ് സംശയിക്കുന്നുണ്ട്.

പ്രിയങ്കക്ക് അനുകൂലമാകുന്ന വോട്ട് ഗണ്യമായി കുറക്കാനായെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. രാഹുല്‍ മണ്ഡലം ഉപേക്ഷിച്ചതടക്കമുള്ള പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും അട്ടിമറി പ്രതീക്ഷിക്കാമെന്നും എൽഡിഎഫ് ക്യാമ്പ് കുറഞ്ഞ പോളിങ് ചൂണ്ടിക്കാട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

മുനമ്പവും പോളിങ്ങിനോട് അടുത്ത ദിവസം വന്ന തലപ്പുഴയിലെ വഖഫ് ഭൂമി പ്രശ്നവും സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നാണ് എൻഡിഎ കണക്കുകൂട്ടല്‍. തദ്ദേശഭരണ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ലോക്സഭയിലെ പ്രകടനം മോശമായാല്‍ കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും മുന്നണികളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here