സമസ്തക്ക് ശക്തി പകർന്നതിൽ ഒന്നാം സ്ഥാനം പാണക്കാട് കുടുംബത്തിന് – എസ്.വൈ.എസ്.

0
78

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തെച്ചൊല്ലി സമസ്തയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിനിടെ, പാണക്കാട് തങ്ങൾ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവജന വിഭാഗമായ എസ്.വൈ.എസ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ശക്തി പകർന്ന കുടുംബങ്ങളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനം പാണക്കാട് സയ്യിദ് കുടുംബത്തിന് തന്നെയായിരിക്കുമെന്നാണ് സുന്നി യുവജന സംഘം നേതാക്കളുടെ സംയുക്ത പ്രസ്താവന.

പാണക്കാട് കുടുംബത്തിന്റെ സാന്നിദ്ധ്യവും പിന്തുണയും സമസ്തയുടെ പ്രവർത്തനങ്ങളെ ജനകീയമാക്കിയതായും മലപ്പുറം ഈസ്റ്റ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം എന്നിവർ പറഞ്ഞു. വലിയ പണ്ഡിതരും സയ്യിദുമാരും സമസ്തയെ ശക്തിപ്പെടുത്തുന്നതിൽ മുന്നിൽ നിന്നിട്ടുണ്ട്. എങ്കിലും ഒരു കുടുംബം ഒന്നിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശക്തിപ്പെടുത്താൻ ഇറങ്ങിത്തിരിച്ചത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അത്ഭുതകരമാണ്. വിസ്മയകരമായ ഈ സംവിധാനത്തെ നിലനിർത്തുന്നതിന് ശക്തി പകരുന്ന പ്രസ്താവനയാണ് പാണക്കാട് ഖാസി ഫൗണ്ടേഷൻ സംബന്ധിച്ച് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നടത്തിയതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

പാണക്കാട് സയ്യിദ് കുടുംബം നേതൃത്വം നൽകുന്ന പ്രവർത്തനത്തിന് സമസ്ത പിന്തുണ നൽകുന്നതും സമസ്തയുടെ പ്രവർത്തനങ്ങൾക്ക് പാണക്കാട് സയ്യിദുമാർ പിന്തുണ നൽകുന്നതും കൂടുതൽ ആവേശത്തോടെ തുടരുമെന്നും നേതാക്കൾ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരേ മുസ്ലിം ലീഗ് ശക്തമായി പ്രതികരിച്ചു. അത് സമസ്തയുടെ അഭിപ്രായമല്ലെന്ന് സമസ്ത നേതൃത്വവും വ്യക്തമാക്കിയെങ്കിലും വിവാദം അടങ്ങിയില്ല. പിന്നാലെ ഉമർ ഫൈസിക്ക് സമസ്ത കാരണംകാണിക്കൽ നോട്ടീസ് കൊടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here