‘ദീദീ.. അത് ഷാംപൂ അല്ല, മാലിന്യം’; യമുനയിലെ വിഷപ്പതയിൽ തല കഴുകുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ

0
29

ദീപാവലി കഴിഞ്ഞതിന് പിന്നാലെ ദില്ലിയിലെയും സമീപ സംസ്ഥാനങ്ങളിലെയും വായു മലിനീകരണം അതിന്‍റെ ഏറ്റവും ഉയരത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിയൊരുക്കത്തിന് മുമ്പ് തീയിടുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് പറഞ്ഞ് സര്‍ക്കാര്‍ കൈയൊഴിയുന്നു. അതേസമയം വ്യാവസായിക പുകയോടൊപ്പം ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങള്‍ ഉയര്‍ത്തിയ മലിനീകരണം കൂടിയാകുമ്പോള്‍ ദില്ലിയില്‍ ശുദ്ധവായു ഒരു സ്വപ്നം മാത്രം. ഇതിനിടെയാണ് ദില്ലി നഗരത്തെ തഴുകിയൊഴുകുന്ന യമുന അക്ഷരാര്‍ത്ഥത്തില്‍ ‘കാളിന്ദി’യായി മാറിയതും. 

സമീപ തീരങ്ങളിലെ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും നദിയിലേക്ക് ഒഴുക്കി വിടുന്ന രാസമാലിന്യങ്ങള്‍ യമുനയെ മലിനമാക്കുകയാണ്. വ്യവസായ ശാലകളില്‍ നിന്നുള്ള അമോണിയയും ഫോസ്ഫേറ്റുകളും യമുനയില്‍ മഞ്ഞിന് സമാനമായ പത നിറച്ചു. യമുന വെള്ളപ്പതയാല്‍ നിറഞ്ഞൊഴുകി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മണ്‍സൂണ്‍ കഴിഞ്ഞ് ശിശിര കാലത്തേക്ക് കടക്കുമ്പോള്‍ യമുനയില്‍ ഈ പ്രതിഭാസം ദൃശ്യമാണ്. നദിയിലെ മാലിന്യത്തെ കുറിച്ച് നിരവധി വിദഗ്ദര്‍ മുന്നറിയിപ്പ് നൽകിയിട്ടും അതിനാവശ്യമായ നടപടികള്‍ ദേശീയതലത്തിലുണ്ടാക്കുന്നില്ല. ഇതിനിടെ ഹിന്ദു ആഘോഷമായ ഛത് പൂജയ്ക്കായി വിശ്വാസികള്‍ യമുനയില്‍ കുളിക്കാനെത്തിയത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അടുത്തകാലത്തായി പൂജയ്ക്ക് ശേഷം വിശ്വാസികള്‍ യമുനയില്‍ മുങ്ങുന്ന ചടങ്ങ്, നദിയിലെ മാലിന്യത്തിന്‍റെ തോത് ഉയർന്നത് കാരണം നടക്കാറില്ല.

എന്നാല്‍, കഴിഞ്ഞ ദിവസം ഒരു യുവതി ചടങ്ങിനായി നദിയില്‍ ഇറങ്ങി, ഒഴുകി നടന്ന വിഷപ്പതയാല്‍ തല കഴുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. മുട്ടോളം വെള്ളത്തില്‍ നിരവധി സ്ത്രീകള്‍ നില്‍ക്കുന്നുണ്ടെങ്കിലും ഒരു സ്ത്രീയാണ് നദിയിലെ പതയില്‍ തലമുടി കഴുകിയത്. മറ്റുള്ളവര്‍ ഇത് നോക്കി നില്‍ക്കുന്നതും കാണാം. അതേസമയം മറ്റൊരു വീഡിയോയില്‍ നിരവധി സ്ത്രീകള്‍ നദീ ജലം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നതും തലകഴുകുന്നതുമായി നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

വീഡിയോ വൈറലായതിന് പിന്നാലെ യമുനയിലെ വിഷാംശത്തെ കുറിച്ചും നദിയെ വീണ്ടെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനുള്ള അലംഭാവത്തെ കുറിച്ചും സമൂഹ മാധ്യമ ഉപയോക്താകള്‍ക്കിടെ രൂക്ഷമായ ചര്‍ച്ച നടന്നു. “ഞാൻ വീണ്ടും പറയുന്നു, അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമാണ്. പത, ഷാംപൂ ആണെന്ന് കരുതി ഈ ആന്‍റി മുടി കഴുകുന്നത് എങ്ങനെയെന്ന് നോക്കൂ!!” എന്ന അടിക്കുറിപ്പോടെയാണ് ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. “യമുന നദിയിൽ കട്ടിയുള്ള വിഷ പതയില്‍ മുടി കഴുകുന്ന സ്ത്രീകൾ. ഇത് ദൈവത്തിന്‍റെ അത്ഭുതമാണെന്ന് ആരും വിശ്വസിക്കാൻ തുടങ്ങിയില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്,” മറ്റൊരു ഉപഭോക്താവ് കളിയാക്കിക്കൊണ്ട് കുറിച്ചു. നദിയിലെ വിഷാംശം വര്‍ദ്ധിച്ചതോടെ നദീതീരത്ത് ഛഠ് പൂജാ ചടങ്ങുകൾ നടത്തുന്നതിന് ദില്ലി ഹൈക്കോടതി വിലക്ക് എര്‍പ്പെടുത്തിയിരുന്നു. നദിയിലെ ഉയർന്ന മലിനീകരണ തോത്, അതിലിറങ്ങുന്ന ആളുകള്‍ക്ക് രോഗത്തിന് കാരണമാക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, നിരോധനം മറികടന്നും യമുനയില്‍ പൂജയ്ക്കായി എത്തിയത് നൂറുകണക്കിന് ഭക്തരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here