ഏഴ് റൺസിന് ഓള്‍ ഔട്ട്! അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഐവറി കോസ്റ്റിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

0
215

അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍ ഓള്‍ ഔട്ടായത്. ടി-ട്വന്റി ലോകകപ്പിന്റെ ആഫ്രിക്കന്‍ സബ് റീജിയനിലെ ഗ്രൂപ്പ് സി യോഗ്യതാമത്സരത്തിലാണ് നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ് പിറന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐവറി കോസ്റ്റിന്റെ താരങ്ങള്‍ ഒന്നൊന്നായി വീഴുന്ന കാഴ്ചയ്ക്കാണ് ലാഗോസിലെ തഫാവ ബലേവ സ്‌ക്വയര്‍ ക്രിക്കറ്റ് ഓവല്‍ സാക്ഷ്യം വഹിച്ചത്. നാല് റണ്‍സെടുത്ത ഔട്ടാര മുഹമ്മദാണ് ഐവറി കോസ്റ്റിന്റെ ‘ടോപ്പ് സ്‌കോറര്‍’. മൂന്ന് താരങ്ങള്‍ ഓരോ റണ്‍സ് വീതം എടുത്ത ഇന്നിങ്‌സില്‍ ഏഴ് താരങ്ങളാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. വെറും 7.3 ഓവറിലാണ് ഏഴ് റണ്‍സ് മാത്രമെടുത്ത് ഐവറി കോസ്റ്റ് പുരുഷ ടീം ഓള്‍ ഔട്ടായത്.

264 റണ്‍സിന് ഐവറി കോസ്റ്റിനെ തകര്‍ത്തതോടെ വമ്പന്‍ വിജയങ്ങളുടെ പട്ടികയില്‍ നൈജീരിയ മൂന്നാമത് ഇടം പിടിച്ചു. സിംഗപ്പൂരിനെതിരെ മംഗോളിയയും സ്‌പെയിനിനെതിരെ ഐല്‍ ഓഫ് മാനും പത്ത് റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന കുറഞ്ഞ സ്‌കോറുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here