‘സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ട്’; ആശ്ലേഷിച്ച് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും

0
187

കാഞ്ഞങ്ങാട്: സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ടാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേസ്വരത്തില്‍ പറഞ്ഞു. ഈ യോജിപ്പ് ഇല്ലാതാക്കാനുള്ള ശ്രമം ചില ഛിദ്രശക്തികള്‍ നടത്തുന്നുണ്ട്. അത് വിലപ്പോവില്ലെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവര്‍ണജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ ഇരുവരും പറഞ്ഞു.

സമസ്ത എന്ന പണ്ഡിത സമൂഹവും മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സ്നേഹവും കരുതലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയ്ക്കു ഒരു കോട്ടമുണ്ടായാല്‍ മുസ്‌ലിംലീഗിന്‌ അതു കണ്ണിലെ കരടുപോലെയാണ്. മുസ്‌ലിംലീഗിന്‌ ഒരു പ്രശ്നമുണ്ടായാല്‍ അതിനെ അതീജീവിക്കാനാകട്ടെയെന്ന് സമസ്ത കണ്ണുനിറഞ്ഞ് ദൈവത്തോട് പ്രാര്‍ഥിക്കും. അന്യോനമുള്ള ഈ കരുതല്‍ കേരളീയ സമൂഹത്തിനുണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ഈ കൂട്ടായ്മ ശത്രുക്കള്‍ക്ക് വലിയ വിഷമമുണ്ടാക്കും. അവരുടെ ശ്രമങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കാന്‍ കഴിയണം. ആ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കരുതെന്ന് സ്നേഹത്തിന്റെ ഭാഷയില്‍ വിശ്വാസസമൂഹത്തോട് പറയാനാകണം. പ്രതിസന്ധികളെ പരീക്ഷണങ്ങളായി കണ്ടാല്‍ മതിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിംലീഗും തമ്മില്‍ ഭിന്നിപ്പ് ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതു ചെകുത്താന്റെ പ്രവര്‍ത്തിയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഈ കൂട്ടായ്മയുടെ കെട്ടുറുപ്പും സന്തോഷവും ഇല്ലാതാക്കാന്‍ ആരും പറയാത്ത കാര്യങ്ങള്‍ പടച്ചു വിടുകയാണ്. യോജിപ്പില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ കണ്ണിലെ കൃഷ്ണമണിപോലെ ഈ കെട്ടുറപ്പിനെ കാക്കണം. ഇല്ലാത്തകാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ ദൈവത്തോട് മറുപടി പറയേണ്ടി വരും. ഈ സ്നേഹവും സൗഹാര്‍ദവും ഒരു പോറലുമില്ലാതെ മുന്നോട്ടുപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here