ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് (സിസിഇഎ) പാൻ 2.0 പദ്ധതിയുമായി മുന്നോട്ട് പോകാൻ ആദായനികുതി വകുപ്പിന് അനുമതി നൽകിയത്. 1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഏജൻസികളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം, ഒരു ഏകീകൃത പാൻ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാൻ 2.0 പദ്ധതി.
എന്താണ് പാൻ 2.0 പദ്ധതി?
നികുതിദായകരുടെ റജിസ്ട്രേഷൻ സേവനങ്ങള്‍ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മാറ്റത്തിലേക്ക് നയിക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട ഗുണനിലവാരത്തോടെ വേഗത്തിലുള്ള സേവനം നികുതിദായകർക്ക് ഉറപ്പാക്കാൻ സാധിക്കും. ഇതിനുപുറമെ വിവരങ്ങളുടെ (ഡേറ്റ) സ്ഥിരത ഉറപ്പാക്കൽ, ചെലവ് ചുരക്കൽ, കൂടുതൽ സുരക്ഷ ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള പാൻ/ടാൻ 1.0 പദ്ധതിയുടെ തുടർച്ചയാണ് പാൻ 2.0. ഡിജിറ്റൽ മാർഗത്തിലൂടെ നികുതിദായകരുടെ റജിസ്ട്രേഷൻ സേവനങ്ങളെ നവീകരിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.