ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ നിന്ന് തുറമുഖനഗരമായ മംഗളൂരുവിലേക്ക് എക്സ്പ്രസ് ഹൈവേ വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകാതെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
ഇരുനഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ട് 335 കിലോ മീറ്ററോളം നീളമുള്ള ആറുവരിപ്പാത നിർമ്മിക്കാനാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പദ്ധതി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാല് മണിക്കൂറോളം യാത്ര ലാഭിക്കാം. കർണാടക ഗതാഗത മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ എട്ട് മണിക്കൂറോളമാണ് ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്ര.
നിലവിൽ ഈ രണ്ട് നഗരങ്ങളേയും ബന്ധിപ്പിക്കുന്ന യാത്ര ഏറെ ദുഷ്കരമാണെന്ന് മാത്രമല്ല, ഏറെ നേരവും എടുത്തിരുന്നു. മൺസൂൺ കാലത്ത് ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള റോഡുകളിൽ മണ്ണിടിച്ചിൽ അടക്കം റോഡുകളിൽ ഉണ്ടാകാറുണ്ട്. എക്സ്പ്രസ് ഹൈവേ വരുന്നതോടെ ഇവയ്ക്ക് അറുതി വരും.