നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ! രാജ്യങ്ങൾക്കനുസരിച്ച് ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും നിലവാരം മാറുന്നു

0
104

നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലും ദരിദ്ര രാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങളെന്ന് റിപ്പോർട്ട്. വികസിത രാജ്യങ്ങളിൽ ഈ കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ നിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ഇവരുടെ ഉൽപന്നത്തിന്റെ നിലവാരം കുറവാണ്.

അക്സസ്സ് ടു ന്യൂട്രിഷൻ ഇനിഷെയ്റ്റീവ് (ATNI) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗുണനിലവരം സംബന്ധിച്ച റേറ്റിങ്ങിൽ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചിൽ 3.5 ആണ്. എന്നാൽ ഇന്ത്യയിൽ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 2.3 ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ബഹുരാഷ്ട്ര കമ്പനികൾക്ക് ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങൾ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളുള്ള രാജ്യങ്ങളിൽ വിൽക്കുന്ന പ്രവണതയുണ്ടെന്നും ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

കണക്കനുസരിച്ച് അനാരോഗ്യമുള്ളവരുടെ എണ്ണത്തിൽ എഴുപത് ശതമാനവും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കിറ്റ്കാറ്റ് പോലുള്ള നെസ്‌ലെ ഉൽപന്നങ്ങളും കാഡ്ബറിയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുമ്പോഴായാണ് ഇന്ത്യയിൽ ഇത് സംഭവിക്കുന്നത്. രാജ്യങ്ങൾക്കനുസരിച്ച് ഇത് പോലുള്ള ചോക്ലേറ്റുകളുടെയും മധുരത്തിൻ്റെയും കൊക്കോയുടെയും നിലവാരത്തിൽ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ മധുരത്തിൻ്റെ അളവ് കൂടുതൽ കഴിക്കുന്നതിനനുസരിച്ച് ശരീരഭാരം വർധിക്കാനും പ്രമേഹം പോലുള്ള രോഗങ്ങൾ പിടിപെടാനുമുള്ള സാധ്യതകൾ വർധിക്കുന്നതിനാൽ തന്നെ രാജ്യങ്ങളിലെ ജനസംഖ്യയെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോളതലത്തിലെ കണക്കുകളനുസരിച്ച് മരണം സംഭവിക്കുന്നതിൻ്റെ പ്രധാന കാരണം ഭക്ഷണ ക്രമമാണെന്നും ഓരോ ഭക്ഷ്യോത്പന്നത്തിനും അതിന്റെ ഗുണനിലവാരമുറപ്പിക്കണേണ്ടതിൻ്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ കമ്പനികൾ കൂടുതൽ ദരിദ്ര രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ആരോഗ്യകരമായതല്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങളിൽ ഇവർ വിൽക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here