ഡൽഹി: മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥ ഇല്ല. 10% സംവരണം മുസ്‌ലിംകൾക്ക് നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയും. ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും അമിത് ഷാ ജാർഖണ്ഡിൽ പറഞ്ഞു.
ജാർഖണ്ഡിലെ പായാമുവിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്ന അമിത് ഷാ കോൺഗ്രസിനെ കടന്നാക്രമിച്ചു. ‘കോൺഗ്രസ് സംവരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ, നമ്മുടെ ഭരണഘടനയിൽ, മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല, ഒബിസി, ദലിത്, ആദിവാസി സംവരണ പരിധി കുറച്ചുകൊണ്ട് മുസ്‌ലിംകൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിൽ, ചില ‘ഉലമ’കളുടെ (മുസ്‌ലിം പണ്ഡിതർ) ഒരു സംഘം മുസ്‌ലിംകൾക്ക് 10 ശതമാനം സംവരണം നൽകുന്നത് സംബന്ധിച്ച് ഒരു നിവേദനം കോൺഗ്രസിന് നൽകിയിരുന്നു. അവരെ സഹായിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉറപ്പ് നൽകിയിട്ടുമുണ്ട്’- അമിത് ഷാ പറയുന്നു.