മംഗൽപാടിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതി ഏറ്റെടുത്തു; മനുഷ്യാവകാശ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

0
131

കാസർകോട് : മംഗൽപാടി ഗ്രാമപ്പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ മൂന്നുകോടിയുടെ പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് കളക്ടർ കെ. ഇമ്പശേഖർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

കുബണൂർ മാലിന്യപ്ലാന്റിൽ ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി 12-ന് രാത്രി തീപ്പിടിത്തമുണ്ടായിരുന്നു. വിവരമറിഞ്ഞയുടൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് തീയണക്കാൻ കഴിഞ്ഞു. 14-നും 21-നും രാത്രി വീണ്ടും തീപ്പിടിത്തം ഉണ്ടായി. തുടർന്നും അപകടം സംഭവിക്കാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീപ്പിടിത്തം സംബന്ധിച്ച് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ബയോ മൈനിങ് പദ്ധതിയുടെ ടെൻഡർ അംഗീകരിച്ചിട്ടുണ്ടെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കുബണൂർ മാലിന്യ പ്ലാന്റിനെതിരേ ഹൈക്കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മാലിന്യസംസ്കരണ പ്ലാന്റ് സംബന്ധിച്ച കേസുകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നടപടികൾ നിർദേശിക്കുന്നില്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here