വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

0
121

തിരുവനന്തപുരം: ആര്‍ഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാര്‍ശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം. നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോര്‍ട്ട്.

സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനര്‍വിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താന്‍ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുനല്‍കാന്‍ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതിക്കും കമ്മിഷന്‍ ശുപാര്‍ശചെയ്തു.

മറ്റ് ശുപാര്‍ശകള്‍

• സര്‍ക്കാര്‍ജോലിയില്‍ പ്രവേശിക്കുന്ന പുരുഷന്മാര്‍ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും വകുപ്പുമേധാവിക്ക് സത്യവാങ്മൂലം നല്‍കണം

• ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സ്ത്രീധനനിരോധന നിയമവും അനുബന്ധചട്ടങ്ങളും ഉള്‍പ്പെടുത്തണം

• സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് ആഭരണശാലകളുടെ പരസ്യത്തില്‍ നിര്‍ബന്ധമാക്കണം. സിനിമാതിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിലും ബോധവത്കരണം

• വിവാഹസമയത്ത് നല്‍കുന്ന സ്ത്രീധനം വധുവിന്റെയോ അനന്തരാവകാശികളുടെയോ ക്ഷേമത്തിന് എന്ന വ്യവസ്ഥയില്‍നിന്ന് ‘സ്ത്രീധനം’ എന്ന വാക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം

• തദ്ദേശസ്ഥാപനങ്ങളില്‍ വനിത-ശിശുവികസന വകുപ്പ്, പോലീസ്, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തില്‍ സ്ത്രീധനവിരുദ്ധ സെല്‍. അതിജീവിതകള്‍ക്ക് സൗജന്യതാമസത്തിന് ഷോര്‍ട്ട് സ്റ്റേഹോം, ഷീ ലോഡ്ജ്

• ഗാര്‍ഹികപീഡനവും സ്ത്രീധനമരണവും കൈകാര്യംചെയ്യാന്‍ പോലീസിന് പരിശീലനം

• സമൂഹവിവാഹം പ്രോത്സാഹിപ്പിക്കണം

• അതിജീവിതകളുടെ കുട്ടികളുടെ സംരക്ഷണവും പരിചരണവും നിരീക്ഷിക്കണം

• കൂടുതല്‍ കുടുംബ-ഫാസ്റ്റ്ട്രാക്ക് കോടതികള്‍, സംസ്ഥാന-ജില്ലാ തലങ്ങളില്‍ സ്ത്രീധനമരണങ്ങളുടെ ഡേറ്റാ ബാങ്ക്, സ്‌കൂളുകളില്‍ ബോധവത്കരണം, സ്വയംപ്രതിരോധ പരിശീലനം

• തൊഴില്‍സാധ്യത ഉറപ്പാക്കി വിവാഹശേഷവും തുടരാന്‍ സൗകര്യമൊരുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here