കാസർകോട് ജില്ലയിൽ 30 മണിക്കൂറിനിടെ പത്തിടത്ത് കവർച്ച; പിന്നിൽ ഒരേ സംഘമെന്ന് ‌പൊലീസ്

0
112

കാസർകോട്: ജില്ലയിൽ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനത്തിലും കവർച്ച. സ്വർണം, വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടം. ശ്രീകോവിൽ, ഓഫിസ് മുറി തുടങ്ങിയവ കുത്തിത്തുറന്നു സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്നു.30 മണിക്കൂറിനിടെ 4 പഞ്ചായത്തുകളിലായി പത്ത് ഇടങ്ങളിൽ കവർച്ച നടന്നു.

ഞായറാഴ്ച രാവിലെ ചെങ്കള പഞ്ചായത്തിലെ എടനീർ വിഷ്ണുമംഗളക്ഷേത്രത്തിൽ കയറി ഭണ്ഡാരപ്പെട്ടി തകർത്തു പണം അപഹരിച്ചതിനു പിന്നാലെയാണ് ഇവിടെ നിന്നു 4 കിലോമീറ്റർ അകലെ ഇതേ പഞ്ചായത്തിലെ നെല്ലിക്കട്ടയിലും അവിടെ നിന്നു 5 കിലോമീറ്റർ അകലെ ബദിയടുക്ക പഞ്ചായത്തിലെ മാന്യയിലും പൂട്ട് തകർത്തു കവർച്ച നടന്നത്.

മാന്യ അയ്യപ്പഭജനമന്ദിരത്തിന്റെ ഇരുമ്പുഗേറ്റിന്റെയും ശ്രീകോവിലിന്റെയും പൂട്ട് തകർത്ത നിലയിലാണ്. മന്ദിരത്തിൽ പ്രതിഷ്ഠിച്ച അഞ്ചര ലക്ഷത്തിലേറെ വിലമതിക്കുന്ന അയ്യപ്പന്റെ വെള്ളി ഛായാചിത്ര ഫലകവും അതിന്മേൽ ചാർത്തിയ അര കിലോഗ്രാം തൂക്കമുള്ള വെള്ളിയിൽ തീർത്ത രുദ്രാക്ഷ മാല, ഇതിലുള്ള 2 ഗ്രാം സ്വർണലോക്കറ്റുമാണ് കവർന്നത്. മൂന്നര കിലോഗ്രാം വെള്ളിയിൽ തീർത്തതാണ് ഛായാചിത്രഫലകം.

ആകെ 6 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏഴടി ഉയരവും അഞ്ചടി വീതിയുമുള്ള ഇരുമ്പ് ഗേറ്റ് തുറന്ന നിലയിലായിരുന്നു. ഇതിന്റെ പൂട്ട് കാണാനില്ലായിരുന്നു. ഇന്നലെ രാവിലെ രാവിലെ ആറരയോടെ ഭജനമന്ദിരം മുൻ പ്രസിഡന്റ് കെ.രാമൻ ആണ് ഗേറ്റ് തുറന്നുകിടക്കുന്നതും ശ്രീകോവിലിന്റെ പൂട്ട് തകർത്തതും കണ്ടത്. സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് പുറത്തു നിന്നു പൂട്ടിയത് കവർച്ച സംഘമാണെന്ന് സംശയിക്കുന്നു.

ചെർക്കള- കല്ലടുക്ക സംസ്ഥാന പാതയോരത്തു നെല്ലിക്കട്ട ഗുരുദേവക്ഷേത്രത്തിൽ ശ്രീകോവിലിന്റെയും ഓഫിസിന്റെയും പൂട്ട് തകർത്തായിരുന്നു കവർച്ച.ഓഫിസിലും ശ്രീകോവിലിനു മുന്നിലുമുള്ള ഭണ്ഡാരം തകർത്തു പണം കവർന്നു. ഒന്നര മാസത്തെ കാണിക്ക ഇതിലുണ്ട്. പതിനായിരത്തോളം രൂപ ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഓഫിസിന്റെ വാതിലും സ്റ്റീൽ അലമാരയും തകർത്തു. അലമാരയിൽ സൂക്ഷിച്ച 25000 രൂപ നഷ്ടമായിട്ടുണ്ട്. അര ലക്ഷത്തോളം രൂപയുടെ നഷ്ടം നേരിട്ടതായി ക്ഷേത്രം പ്രസിഡന്റ് സി.എച്ച്. സുധാകരൻ പറഞ്ഞു. തലേന്ന് രാത്രി ദീപാരാധന കഴി‍‍ഞ്ഞു ഇന്നലെ രാവിലെ ആറരയോടെ സമീപത്തെ ശിവപ്രസാദ് ദീപം തെളിക്കാൻ എത്തിയപ്പോഴാണ് ക്ഷേത്രം കുത്തിത്തുറന്ന നിലയിൽ കണ്ടത്.

ചെമ്മനാട് പഞ്ചായത്തിൽ പൊയ്നാച്ചി ദേശീയപാതയോരത്തുള്ള ശ്രീധർമശാസ്താക്ഷേത്രത്തിന്റെ ശ്രീകോവിൽ, സേവാ കൗണ്ടർ, ഓഫിസ് മുറി എന്നിവയുടെ പൂട്ട് തകർത്തായിരുന്നു കവർച്ച. 55,000 രൂപയുടെ 8 ഗ്രാം സ്വർണം, 10,000 രൂപയുടെ ഡിവിആർ, ഭണ്ഡാരത്തിൽ നിന്നു 5000 രൂപ എന്നിവയാണ് നഷ്ടമായത്. ക്ഷേത്രത്തിലെ ലോക്കറിന്റെ പൂട്ട് തകർത്തിരുന്നുവെങ്കിലും അകത്ത് കയറിയില്ല.

കവർച്ച നടന്ന മാന്യ അയ്യപ്പ ഭജന മന്ദിരത്തിൽ കാസർകോട് ഡിവൈഎസ്പി സി.കെ.സുനിൽകുമാർ , ബദിയടുക്ക എസ്ഐ കെ.ആർ.ഉമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പൊയ്നാച്ചി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ മേൽപറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ, എസ്ഐമാരായ കെ.വേലായുധൻ, എൻ.ശശിധരൻപിള്ള എന്നിവരടക്കമുള്ള പൊലീസ് സംഘവും ഇരു സ്ഥലങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

ഞായറാഴ്ച എടനീർ വിഷ്ണുമംഗള ക്ഷേത്രത്തിൽ ഓടാമ്പൽ തകർത്ത് ഭണ്ഡാരത്തിലെ പണം കൊണ്ടുപോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി കർണാടക അതിർത്തിയിൽ വോർക്കാടി പഞ്ചായത്തിൽ മൂന്നിടങ്ങളിൽ കവർച്ച നടന്നത്. പാവള ബജിരകരിയിലെ ഇൻഫന്റ് ജീസസ് പള്ളിയിൽ പൂട്ടുപൊളിച്ചു കാണിക്കപ്പെട്ടി കവർന്നു.

2000 രൂപ ഇതിൽ ഉണ്ടായിരുന്നുവെന്ന് പള്ളി അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചു. ഇവിടെ നിന്നു 2 കിലോമീറ്റർ അകലെ പാവള കൊറഗജ ദേവസ്ഥാനസമീപത്തെ ഭണ്ഡാരവും കാണാനില്ല. മൂറുഗോളിപാടിയിൽ ബഷീറിന്റെ കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന് മേശ വലിപ്പിൽ നിന്നു 10,000 രൂപ, 16,000 രൂപ വിലയുള്ള മൊബൈൽ ഫോൺ തുടങ്ങിയവ കവർന്നതായി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.

പിന്നിൽ ഒരേ സംഘമെന്ന് ‌പൊലീസ്

വിദ്യാനഗർ, മഞ്ചേശ്വരം, ബദിയടുക്ക, മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ പരിധികളിലായി 2 ദിവസത്തിനിടെ നടന്നത് പത്തോളം കവർച്ച.ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമാക്കി കവർച്ച നടത്തുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്നാണു പൊലീസ് സംശയിക്കുന്നത്.

വോർക്കാടിയിൽ രണ്ടാഴ്ച മുൻപ് ചർച്ചിൽ നടന്ന കവർച്ചയിൽ പങ്കാളിത്തം ഉണ്ടെന്നു സംശയിക്കുന്ന സ്കൂട്ടർ യാത്രികന്റെ സിസി ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നുവെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ ആളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടാനായില്ല. ഇടവിടാതെ വാഹനങ്ങൾ കടന്നു പോകുന്ന ദേശീയപാതയോരത്തുള്ള പൊയ്നാച്ചി ധർമശാസ്താ ക്ഷേത്രത്തിൽ കവർച്ച നടന്നത് ഏതാനും മണിക്കൂറിനുള്ളിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. രാത്രി 12 വരെയെങ്കിലും ജനങ്ങൾ കൂടുന്ന സ്ഥലമാണിത്. പരക്കെ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ചിലരെ സംശയിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറ‍ഞ്ഞു.

ബാങ്ക് കവർച്ചശ്രമക്കേസിലെ പ്രതികൾ എവിടെ?
കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2 മാസങ്ങൾക്കു മുൻപ് നടന്ന ബാങ്ക് കവർച്ചശ്രമത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല.കുമ്പള സർവീസ് ബാങ്കിന്റെ മൊഗ്രാൽ ശാഖ,വോർക്കാടി കത്തേരികോടിയിലെ കൊലമുഗറു–പാത്തൂർ സർവീസ് സഹകരണ ബാങ്കിലുമാണ് കവർച്ച ശ്രമം നടന്നത്.

ഈ ബാങ്കിന്റെ ഷട്ടർ ഇളക്കി മാറ്റി അകത്തു കടന്ന കവർച്ചസംഘം സ്വർണവും പണവും സൂക്ഷിച്ച സ്ട്രോങ് റൂം ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചു വെങ്കിലും വിഫലമായതോടെയാണ് സ്വർണവും പണവും നഷ്ടമാകാതിരുന്നത്. കാസർകോട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ അടുത്തിടെ നടന്ന കവർച്ചയ്ക്ക് പിന്നിലെ ചില പ്രതികളെ പിടികൂടിയിരുന്നു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here