അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) റിപ്പോര്‍ട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍ നടക്കുക. വിവാഹ സീസണില്‍ രാജ്യത്ത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ് നടക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാലയളവില്‍ ഡല്‍ഹിയില്‍ മാത്രം 4.5 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നും 1.5 ലക്ഷം കോടിയുടെ ബിസിനസ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തി. 2024 നവംബര്‍ 12 മുതലാണ് വിവാഹ സീസണ്‍ ആരംഭിക്കുക. രാജ്യത്തെ റീട്ടെയ്ല്‍ വ്യാപാരികള്‍ ഈ സീസണില്‍ സാമ്പത്തികനേട്ടം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം ധന്‍തേരസ് ആഘോഷങ്ങള്‍ക്കിടെ വിവാഹ ആഭരണങ്ങള്‍ വാങ്ങിയവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെന്‍കോ ഗോള്‍ഡ് സിഇഒയും എംഡിയുമായ സുവങ്കര്‍ സെന്‍ പറഞ്ഞു. വിവാഹ സീസണിനായുള്ള തയ്യാറെടുപ്പിലാണ് നിരവധി പേരെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റില്‍ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് ഉപഭോക്താക്കളില്‍ താല്‍പ്പര്യം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സ്റ്റോറുകളില്‍ തിരക്ക് കൂടിയെന്നും വിവാഹ ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സ്ഥാപനമായ ബിഹൈന്‍ഡ് ദി സീന്‍ വെഡ്ഡിംഗിന്റെ സഹസ്ഥാപകനായ വൈഭവ് സാദ്വാനിയും വിഷയത്തില്‍ പ്രതികരിച്ചു. വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാനിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. പല വധൂവരന്‍മാരും വിദേശരാജ്യങ്ങളിലെ വ്യത്യസ്തമായ സ്ഥലങ്ങളാണ് വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കും തങ്ങള്‍ക്കും ഒരു വെക്കേഷന്‍ അനുഭവം നല്‍കുന്ന സ്ഥലങ്ങളാണ് അവര്‍ തെരഞ്ഞെടുക്കുന്നത്, എന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍, ഗോവ, ഉദയ്പൂര്‍ എന്നിവിടങ്ങളാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആഗ്രഹിക്കുന്നവരുടെ ഇന്ത്യയിലെ പ്രിയപ്പെട്ട സ്ഥലങ്ങള്‍. അതേസമയം തായ്‌ലന്റ്, ബാലി, ദുബായ് എന്നിവിടങ്ങളില്‍ വെച്ച് വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്.