ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ വിധി.
പരസ്പരം ഇഷ്ടപ്പെടുന്ന യുവതീയുവാക്കൾ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈംഗികതാത്പര്യത്തോടെ ബലപ്രയോഗം നടത്തിയാൽമാത്രമേ ലൈംഗികാതിക്രമമായി കണക്കാക്കാനാവൂ -കോടതി പറഞ്ഞു. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന 21-കാരനെതിരേയാണ് 19-കാരി പരാതിനൽകിയത്. പരാതിക്കാരിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെന്നും പ്രണയിതാക്കൾ കെട്ടിപ്പിടിച്ചതിനെയോ ചുംബിച്ചതിനെയോ ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.