ഭര്‍ത്തൃവീട്ടിലെ ബോഡി ഷെയ്മിങ് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി

0
77

കൊച്ചി: ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ബോഡി ഷെയ്‌മിങ് നടത്തി, വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാംപ്രതിയാണ് ഹർജിക്കാരി. ഭർത്താവും ഭർത്തൃപിതാവുമായിരുന്നു ഒന്നും രണ്ടും പ്രതികൾ.

പരാതിക്കാരിക്ക് നല്ല ശരീരാകൃതിയില്ലെന്നും ‌ഭർത്താവിന്റെ സഹോദരന് കൂടുതൽ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി. എം.ബി.ബി.എസ്.യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തു.

എന്നാൽ, ഇതൊന്നും ഗാർഹികപീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നും കോടതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here