ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിൽ അച്ഛന് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 14 വയസുകാരന് തേജസാണ് അച്ഛന് രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന് മര്‍ദ്ദിച്ചത്.
മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ മകനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രവികുമാര്‍ വീട്ടിലെത്തിയപ്പോൾ മകൻ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ രവികുമാർ മകനെ ശാസിച്ചു. രവികുമാർ നന്നായി മദ്യപിച്ചിരുന്നു.
ശനിയാഴ്ച സ്കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീലുകള്‍ കാണുന്നതെന്ന് മകൻ പറഞ്ഞെങ്കിലും രവികുമാര്‍ മകനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം അച്ഛന് രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.