വയനാട് ദുരിതബാധിതർക്കെന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തി പണംതട്ടി; 3 CPM നേതാക്കൾക്കെതിരെ കേസ്

0
79

കായംകുളം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാനായി ബിരിയാണി ചലഞ്ച് നടത്തിയ പണം സി.പി.എം. നേതാക്കള്‍ തട്ടിയെടുത്തതായി പരാതി. പുതുപ്പള്ളി ലോക്കല്‍ കമ്മറ്റി മുന്‍ അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്‌.ഐ. മേഖല പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തണല്‍ ജനകീയ കൂട്ടായ്മ എന്ന പേരിലായിരുന്നു പരിപാടി. ദുരിതബാധിതര്‍ക്കായി സമാഹരിച്ച 1,20,000 രൂപ തട്ടിയെടുത്തതായാണ് പരാതി. കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തട്ടിപ്പു നടത്തിയതായി തെളിയുകയായിരുന്നു.

ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഗൂഗിള്‍ പേ വഴിയും പണം ശേഖരിച്ചതായും പരാതിയുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ച പരാതിയിലാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ കാപ്പ കേസ്‌ പ്രതിയായ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് പോലീസ് അറിയിച്ചു. എ.ഐ.വൈ.എഫ്. പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here