യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

0
134

ദില്ലി: ഉത്ത‍ർ പ്രദേശിലെ സംബലിൽ സംഘ‌ർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നൌമാന്, ബിലാല്, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷം ബിജെപി സൃഷ്ടിച്ചതാണെന്ന് സമാജ് വാദി പാ‍ർട്ടി വിമർശിച്ചു.

സംബല് ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിലാണ് സംബൽ ജില്ലാ കോടതി അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. രാവിലെ സർവേയ്ക്കെത്തിയ സംഘത്തിന് നേരെ സർവേയെ എതിർക്കുന്ന ആളുകൾ മൂന്ന് കൂട്ടമായി തിരിഞ്ഞ് വിവിധ വശങ്ങളിൽ നിന്നും കല്ലെറിഞ്ഞു. നിരവധി വാഹനങ്ങൾക്കും തീയിട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിലാണ് 3 പേർ കൊല്ലപ്പെട്ടത്. അതേസമയം, സംഘർഷത്തിനിടെ സമിതി ഉച്ചയോടെ സർവേ നടപടികൾ പൂർത്തിയാക്കി. 29 ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കോടതി നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ചർച്ചയാവാതിരിക്കാൻ ബിജെപി സൃഷ്ടിച്ചതാണ് സംഘർഷമെന്നാണ് സമാജ് വാദി പാർട്ടി വിമർശനം. മറ്റൊന്നും ചർച്ച ചെയ്യാതിരിക്കാനാണിതെന്നും അഖിലേഷ് യാദവ് വിമർശിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ സ്ഥലത്ത് കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. ഗ്യാൻവാപിയടക്കം ആരാധനാലയ തർക്കങ്ങളിൽ ഹിന്ദു വിഭാഗത്തിനായി കോടതിയിൽ ഹാജരായത് വിഷ്ണു ശങ്കർ ജെയിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here