ഹൈദരാബാദ്: ബാബരി മസ്ജിദ് വിധി രാജ്യത്തെ മുസ്ലിം പള്ളികളെ ആക്രമിക്കാൻ ഹിന്ദുത്വ സംഘങ്ങൾക്ക് ധൈര്യം നൽകുകയാണെന്ന് എഐഎംഐഎം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി എം.പി. ഉത്തർ പ്രദേശിലെ സംഭാൽ ചന്ദൗസിലെ ഷാഹി ജമാമസ്ജിദുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഉവൈസിയുടെ പ്രതികരണം.
‘ബാബരി മസ്ജിദ് വിധി ഇന്ത്യയിലുടനീളമുള്ള മുസ്ലിം ആരാധനാലയങ്ങളെ ആക്രമിക്കാൻ ഹിന്ദുത്വ സംഘൾക്ക് ധൈര്യം നൽകി. ഉത്തർ പ്രദേശിലെ സംഭാൽ ചന്ദൗസിയിലെ ഷാഹി ജമാമസ്ജിദിെൻറ കാര്യം തന്നെ നോക്കൂ. അപേക്ഷ സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ, മസ്ജിദ് നിർമിക്കാനായി ക്ഷേത്രം തകർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രാഥമിക സർവേ നടത്താനായി സിവിൽ ജഡ്ജി ഉത്തരവിട്ടിരിക്കുകയാണ്. സുപ്രിംകോടതിയിലെ യുപി സർക്കാറിെൻറ സ്റ്റാൻഡിങ് കൗൺസിലായ അഭിഭാഷകനാണ് അപേക്ഷ നൽകിയത്.
അന്നുതന്നെ സർവേയും നടത്തി. കോടതി ഉത്തരവ് വന്ന് ഒരു മണിക്കൂറിനുള്ളിൽ മറുവശം കേൾക്കാതെ ബാബരിയുടെ പൂട്ട് തുറന്നതും ഇങ്ങനെയാണ്. ഈ വേഗത സാധാരണ കേസുകളിൽ കാണാനാകില്ല. കോടതികൾ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് തുടരുകയാണെങ്കിൽ ആരാധനാലയ സംരക്ഷണം നിയമം വെറുതെയാകും. ഇത്തരം വ്യവഹാരങ്ങൾ കോടതികളിൽ പോലും എത്താതിരിക്കാൻ വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. നൂറുകണക്കിന് വർഷങ്ങളായി ഉപയോഗിക്കുന്ന ഒരു മസ്ജിദ് വർഗീയ വ്യവഹാരത്തിന് വേണ്ടി മാറ്റുകയാണ്. കോടതികൾ ഇത് മുളയിലേ നുള്ളിക്കളയണം’ -ഉവൈസി ‘എക്സി’ൽ കുറിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭാലെ പള്ളിയിൽ സർവേ നടത്താൻ കഴിഞ്ഞദിവസമാണ് ജില്ലാ കോടതി ഉത്തരവിട്ടത്. ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഒരുവിഭാഗം നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കം ഉൾപ്പെടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മസ്ജിദുകൾക്കെതിരെ ഹരജി നൽകിയ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനുമാണ് ഹരജി നൽകിയിരിക്കുന്നത്. ഹരി ഹർ മന്ദിർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗൾ ചക്രവർത്തി ബാബർ തകർത്താണ് മസ്ജിദ് പണിതതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിയിൽ കേന്ദ്ര സർക്കാർ, യുപി സർക്കാർ, മസ്ജിദ് കമ്മിറ്റി, സംഭാൽ ജില്ലാ കലക്ടർ എന്നിവരെ കോടതി കക്ഷികളാക്കിയിട്ടുണ്ട്.
ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദിൽ ഉണ്ടെന്നാണ് വാദം. ഇത് പരിഗണിച്ച കോടതി അഭിഭാഷക കമ്മീഷണറുടെ മേൽനോട്ടത്തിൽ സർവെ നടത്താൻ ഉത്തരവിട്ടു. തൊട്ടുപിന്നാലെ കമ്മീഷണറും സംഘവും പൊലീസ് അകമ്പടിയോടെ എത്തി ജുമാമസ്ജിദിൽ സർവെ നടത്തി. ഏഴ് ദിവസത്തിനകം സർവേ സംഘം റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് തെളിയിക്കുന്ന തെളിവുകളോ വസ്തുക്കളോ കണ്ടെത്തിയില്ലെന്ന് ജുമാമസ്ജിദ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഹരജി നവംബർ 29ന് കോടതി വീണ്ടും പരിഗണിക്കും.