സൈബര്‍ തട്ടിപ്പുകളുടെ സ്വഭാവം മാറുന്നു, അതീവ ജാഗ്രത വേണമെന്ന് പോലീസ്

0
9

ആലപ്പുഴ: സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറിവരുന്നതായും തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്. സംസ്ഥാനത്തും ആലപ്പുഴ ജില്ലയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

ജില്ലയില്‍ കഴിഞ്ഞവര്‍ഷം 94 സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഈ വര്‍ഷം നവംബര്‍വരെ 251 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 2024 നവംബര്‍ അഞ്ചുവരെ ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളുടെ എണ്ണം 1,922 ആണ്. കഴിഞ്ഞവര്‍ഷമിത് 1,028 ആയിരുന്നു. ഈ വര്‍ഷം സൈബര്‍ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ 82 ലക്ഷംരൂപ തിരികെ ലഭിച്ചു.

കെണിയൊരുക്കുന്ന വഴി

നിക്ഷേപത്തട്ടിപ്പ്, കെ.വൈ.സി. അപ്‌ഡേറ്റ് തട്ടിപ്പ്, കൂറിയര്‍ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്, ലോണ്‍ അനുവദിച്ചതായി പറഞ്ഞ് കോള്‍വരുക, വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്നുപറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, ബാങ്കില്‍നിന്ന് എന്ന വ്യാജേന ഒ.ടി.പി. ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബര്‍ തട്ടിപ്പുകാര്‍ ജനങ്ങളെ കബളിപ്പിക്കുന്നത്. ജില്ലയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തി തട്ടിപ്പു നടത്തുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളില്‍ എട്ട് ഏജന്റുമാര്‍ക്കെതിരേ നിയമനടപടിയായി.

ആലപ്പുഴ ജില്ലയിലും വന്‍തട്ടിപ്പുകള്‍

ചേര്‍ത്തല സ്വദേശികള്‍ക്ക് 7.55 കോടി രൂപ നിക്ഷേപത്തട്ടിപ്പിലൂടെ നഷ്ടമായി. സംസ്ഥാനത്തുതന്നെ നടന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളില്‍ ഒന്നാണിത്. മാന്നാര്‍ സ്വദേശിക്കും കോടികള്‍ നഷ്ടപ്പെട്ടു. വെണ്‍മണി സ്വദേശിക്ക് നിക്ഷേപത്തട്ടിപ്പിലൂടെ 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ചെങ്ങന്നൂര്‍ സ്വദേശിക്ക് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു. ട്രായി ഉദ്യോഗസ്ഥന്‍ ചമഞ്ഞും ചേര്‍ത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കി.

ജാഗ്രതാനിര്‍ദേശവുമായി ജില്ലാ പോലീസ്- ശ്രദ്ധിക്കാം ഇവ !

ആധികാരികത ഉറപ്പുവരുത്തി മാത്രം ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, എ.ടി.എം. കാര്‍ഡുകള്‍ എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ടു ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉചിതം.

ഇത്തരം തട്ടിപ്പിനിരയായാല്‍ പരമാവധി ഒരുമണിക്കൂറിനകംതന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here