കെൽട്രോണിനുള്ള തുക ലഭിച്ചു, എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

0
63

തിരുവനന്തപുരം: ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും ജാഗരൂകമായി. വാഹനയാത്രക്കാർക്കു പിഴകൾ വന്നുതുടങ്ങി. സീറ്റ്‌ബെൽറ്റും ഹെൽമെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെൽട്രോണിനു നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്.

ഇടക്കാലത്ത് സാങ്കേതികപ്രശ്‌നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകൾ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു. പോങ്ങുംമൂട് സ്വദേശിയായ സന്തോഷ് എന്നയാൾക്ക് കഴിഞ്ഞദിവസം പട്ടം ജങ്ഷനിൽ സിഗ്നൽ തെറ്റിച്ചതിന് രണ്ടുതവണയാണ് മൂവായിരം രൂപ വീതം പിഴ വന്നത്‌. അടുത്തദിവസം വര മുറിച്ചുകടന്നതിന് ഇതേയാൾക്കു വീണ്ടും മൂവായിരം രൂപ പിഴയിട്ടു.

ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ ഏറിയിരുന്നു. ക്യാമറകൾ പകർത്തുന്നില്ലെന്ന ധൈര്യത്തിലായിരുന്നു പലരും.

കഴിഞ്ഞയാഴ്ചമുതൽ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ മൊബൈൽഫോണിൽ വന്നുതുടങ്ങിയപ്പോഴാണ് വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കിൽ കയറി ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം. ഏഴുദിവസത്തിനകം അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വൽ കോടതിയിലേക്കു കൈമാറുന്നത്. അതേസമയം അറിയിപ്പുകൾ വൈകി വരുന്നതിനാൽ പലർക്കും പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളുണ്ട്. എസ്.എം.എസ്. ലഭിച്ചശേഷം പിഴയടയ്‌ക്കാൻ നോക്കുമ്പോഴാണ് പലരും ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞുവെന്ന് അറിയുന്നത്. നഗരത്തിലെ പല പ്രധാന കവലകളിലും സിഗ്നൽ സംവിധാനം മുൻ മാസങ്ങളിൽ പണിമുടക്കിയിരുന്നു. സ്മാർട്ട്‌സിറ്റി റോഡുപണിയുടെ ഭാഗമായി പലയിടത്തും വൺവേ സംവിധാനം ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകൾ മായ്ഞ്ഞുപോവുകയും ചെയ്തു.

റോഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ക്യാമറകൾ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകൾക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here