തീർഥമെന്ന് കരുതി ഭക്തർ കുടിച്ചത് എസി വെള്ളം; വിവാദത്തിൽ കുടുങ്ങി യുപിയിലെ ക്ഷേത്രം; വൈറലായി വീഡിയോ

0
173

യുപി: ക്ഷേത്രത്തിലെ എസിയിലെ വെള്ളം തീർഥമെന്ന് കരുതി കുടിച്ച് വിശ്വാസികൾ. മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർഥമായി സേവിക്കാറുണ്ട്. പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ് ഒരു വ്‌ലോഗർ.

ഇതിനോടകം വൈറലായ വീഡിയോയിൽ വ്‌ലോഗർ ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ആനയുടെ പ്രതിമയിൽ നിന്നും ആളുകൾ വെള്ളം ശേഖരിച്ച് കുടിക്കുന്നത് കാണാം. എന്നാൽ ഇത് ചരണാമൃതമല്ല മറിച്ച് ക്ഷേത്രത്തിലെ എസിയിൽ നിന്നും വരുന്ന വെള്ളമായിരുന്നു. ക്ഷേത്രത്തിലെ പൂജാരി ഇത് തന്നോട് ഇതിനെക്കുറിച്ച് പറഞ്ഞതായും വ്‌ലോഗർ പറയുന്നുണ്ട്. പലരോടും ഇത് വ്‌ലോഗർ പറയുന്നുമുണ്ട്. എന്നാൽ പലരും വ്‌ലോഗറെ അവഗണിച്ച് വെള്ളം കുടിക്കുകയാണ്.

മഥുരയിലെ ക്ഷേത്രത്തിൽ ദിനംപ്രതി 15,000ത്തിന് മുകളിൽ ആളുകൾ എത്തിച്ചേരുന്നുണ്ട്. ഇത്രയും ആളുകൾ എത്തുന്ന സ്ഥലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള സംഭവാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ക്ഷേത്രത്തിലെ പ്രസാദം ഇതല്ലെന്നും ഇത് പ്രസാദമാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ആളുകൾ സ്വയം തോന്നിയത് ചെയ്യുകയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ക്ഷേത്രത്തെക്കുറിച്ച് അറിയുന്നവർ പ്രതികരിച്ചത്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ക്ഷേത്രം തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here