ശ്രദ്ധിക്കുക, ഇലക്ട്രിക് സ്കൂട്ടറിന്‍റെ വിൽപ്പനയിലും വ്യാജൻ; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

0
53

തിരുവനന്തപുരം: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും കേരള പൊലീസ് ചൂണ്ടികാട്ടുന്നു.

വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടുമെന്നും പൊലീസിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം. വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ച് മാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക.

തൊഴിൽ തട്ടിപ്പിലും ജാഗ്രത പാലിക്കണം

മറ്റൊരു അറിയിപ്പിലൂടെ പ്രമുഖ തൊഴിൽദാതാക്കളുടെ വെബ്സൈറ്റുകൾ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടിരുന്നു. വെബ് സൈറ്റിൽ നിന്ന് അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പുകാർ ഇവരെ ബന്ധപ്പെടുകയും തൊഴിൽ നൽകാമെന്ന പേരിൽ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടർന്ന് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജരേഖകൾ അയച്ചു നൽകി അവരെ വിശ്വസിപ്പിക്കുകയും ചെയ്യും. ജോലിയിൽ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാർ നൽകുന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് അടിയന്തരമായി നേടാൻ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാർത്ഥികൾ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും അതിൽ ആവശ്യപ്പെടുന്ന തുക സർട്ടിഫിക്കറ്റ് ഫീസായി നൽകുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാർത്ഥികളുടെ പണം തട്ടിപ്പുകാർ കൈക്കലാക്കി കഴിഞ്ഞു. തുടർന്ന് തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടാൻ കഴിയാതെവരുമ്പോൾ മാത്രമാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലാകുന്നത്. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ചോ സൈബർ പോർട്ടൽ മുഖേനയോ പരാതിപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here