കാസർകോട് : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ കാർ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി. പി.മധുസൂദനൻ, എസ്.ഐ. രഞ്ജിത്ത്, എസ്.സി.പി.ഒ. ലതീഷ് എന്നിവരാണ് പൈവളിഗെയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കാർ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കാറിലാണ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയത്.
കൊലപാതകം നടന്ന് രണ്ടുവർഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് സംഭവത്തിനുശേഷം പുറത്തിറക്കാതെ ഒളിപ്പിച്ചിരുന്ന കാർ പൈവളിഗെയിൽ ഉപേക്ഷിച്ചത്. കേസിലെ ആറ് പ്രതികൾ വിദേശത്താണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നാലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഗൂഢാലോചനയുൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്. 2022 ജൂൺ 26-നാണ് പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ(32) നാട്ടിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ മർദിച്ച് കൊലപ്പെടുത്തിയത്. അതേദിവസം വൈകിട്ട് ബന്തിയോട്ടെ ആസ്പത്രിയിൽ സിദ്ദിഖിനെ എത്തിച്ച് ക്വട്ടേഷൻ സംഘം മുങ്ങുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
പണമിടപാടിനെത്തുടർന്നാണ് മഞ്ചേശ്വരം സ്വദേശികൾ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊല നടത്തിയതെന്നും വിവരം ലഭിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ നൽകിയവരുൾപ്പെടെയാണ് ഇപ്പോൾ വിദേശത്തുള്ളത്.