തൂണേരി ഷിബിന്‍ വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍ പൊലീസ്

0
166

കോഴിക്കോട്: നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. നിലവില്‍ ഏഴു പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എട്ടു പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധിച്ചത്. എരഞ്ഞിപ്പാലത്തെ അഡീ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരും വിദേശത്താണ്.

മൂന്നാം പ്രതി അസ്ലം സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഏഴുപേരെയും നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. ഈ മാസം 15 ന് ഇവരെ കോടതിയില്‍ ഹാജരാക്കണം. അതിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്തി സെഷന്‍സ് കോടതിയില്‍ ഹാജരാക്കണം.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമല്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതികരിച്ചു. പക്ഷെ ഒക്ടോബര്‍ 15 ന് കോടതില്‍ ഹാജരായി ജയിലിലേക്ക് പോകാനാവാതെ പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാകില്ല. 2015 ജനുവരി 22 നായിരുന്നു നാദാപുരം വെള്ളൂരില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ പതിനേഴ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ വെറുതേ വിട്ട വിചാരണക്കോടതി വിധിക്കെതരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here