മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി, പണമയയ്ക്കണമെന്ന് തട്ടിപ്പ് കോൾ; അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

0
109

ആ​ഗ്ര: ഫോൺ വഴിയുള്ള തട്ടിപ്പുകളിലൂടെ ആളുകൾക്ക് പണം നഷ്ടമാവുന്ന സംഭവങ്ങൾ സർവസാധാരണമാണ്. എന്നാൽ ഇത്തരമൊരു തട്ടിപ്പ് ശ്രമം ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുത്തിയ അവസ്ഥയിലെത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് 58കാരിക്ക് ജീവൻ നഷ്ടമായത്.

സർക്കാർ സ്കൂൾ ടീച്ചറായ 58കാരി മാലതി വർമയാണ് ഫോൺകോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ചയാണ്, മാലതിയുടെ കോളജ് വിദ്യാർഥിയായ മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് പറഞ്ഞ് വാട്ട്സ്ആപ്പിൽ ഒരു കോൾ വരുന്നത്. ഒരു പൊലീസുകാരന്റെ ചിത്രം ഡിസ്പ്ലേ ഫോട്ടോയാക്കിയ അക്കൗണ്ടിൽനിന്നായിരുന്നു കോൾ വന്നത്.

ഉച്ചയോടെയാണ് കോൾ വന്നതെന്ന് മാലതിയുടെ മകൻ ദിപാൻഷു പറഞ്ഞു. സംഭവത്തിൽ കേസെടുക്കാതെ മകളെ രക്ഷിക്കാമെന്നും സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കാമെന്നും അതിന് ഒരു ലക്ഷം രൂപ അയച്ചുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി മകൻ പറഞ്ഞു.

മകൾ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയതിൻ്റെ പേരിൽ കുടുംബത്തിന് പ്രശ്നം ഉണ്ടാവാതിരിക്കാനാണ് വിളിക്കുന്നതെന്നും ഇയാൾ മാലതിയോട് പറഞ്ഞു.

‘എൻ്റെ അമ്മ ആഗ്രയിലെ അച്‌നേരയിലെ ഒരു സർക്കാർ ഗേൾസ് ജൂനിയർ ഹൈസ്‌കൂളിലെ ടീച്ചറാണ്. അയാളുടെ കോൾ വന്നതിനു ശേഷം അമ്മ പരിഭ്രാന്തരായി എന്നെ വിളിച്ചു. ഞാൻ കോൾ വന്ന നമ്പർ ചോദിച്ചു. നമ്പർ നോക്കിയപ്പോൾ, അതിന് +92 എന്ന പ്രിഫിക്‌സ് ഉള്ളതായി കണ്ടെത്തി. ഇതൊരു തട്ടിപ്പാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ അവർ അപ്പോഴും ഏറെ ടെൻഷനിലായിരുന്നു. തുടർന്ന് വലിയ മാനസിക പ്രയാസവും ഉണ്ടായി’- ദിപാൻഷു പറഞ്ഞു.

‘ഞാൻ വീണ്ടും ആശ്വസിപ്പിച്ചു. സഹോദരിയോട് സംസാരിച്ചെന്നും അവൾക്കൊരു കുഴപ്പവുമില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ അമ്മയുടെ മാനസിക പ്രയാസം മാറിയില്ല. വൈകീട്ട് സ്‌കൂളിൽനിന്ന് വന്നപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങൾ കുടിക്കാൻ വെള്ളം കൊടുത്തെങ്കിലും ആരോ​ഗ്യസ്ഥിതി വഷളാവുകയും പിന്നാലെ മരിക്കുകയും ചെയ്തു’- മകൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു.

‘തട്ടിപ്പ് കോളിനെ തുടർന്ന് ഹൃദയാഘാതം മൂലമാണ് മാലതി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി. മകൾ സെക്‌സ് റാക്കറ്റിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഒരു കോൾ വന്നതും വിളിച്ചയാൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതുമാണ് ഇതിന് കാരണമെന്ന് ഭർത്താവ് പറഞ്ഞു. മാലതി ഏറെ വിഷമം അനുഭവിച്ചു. വീട്ടിലെത്തി 15 മിനിറ്റിനു ശേഷം മരിച്ചു. കോൾ വന്ന നമ്പറിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്”- തിവാരി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here