കുമ്പള(കാസർകോട്): കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നായി പണം കൈപ്പറ്റിയ അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന.
അധ്യാപക സംഘടനാനേതാവായ യുവതി ഇടനിലക്കാരിയാണെന്നാണ് പോലീസിന് വ്യക്തമായി. ജോലി വാഗ്ദാനംചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന കിദൂരിലെ യുവതിയുടെ പരാതിയിൽ പുത്തിഗെ ബാഡൂർ എ.എൽ.പി. സ്കൂൾ അധ്യാപിക സചിതാ റൈയുടെ (27) പേരിൽ കുമ്പള പോലീസ് കേസെടുത്തിരുന്നു.
പുത്തിഗെ, കിദുർ, ബാഡൂർ എന്നിവിടങ്ങളിൽനിന്നായി 16 പേരിൽനിന്ന് സജിതാ റൈ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. അധ്യാപികയായതിനാലും സംഘടനാ, രാഷ്ട്രീയാ രംഗത്തെ നേതാവെന്ന വിശ്വാസവും കൊണ്ടാണ് പലരും പണം കൈമാറിയത്. പലരിൽനിന്നായി വാങ്ങിയ തുക അധ്യാപിക കർണാടകയിലെ സംഘത്തിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മിക്ക ഇടപാടുകളും നടത്തിയിട്ടുള്ളത് അധ്യാപികയുടെ ബാങ്ക് അക്കൗണ്ട് മുഖേനയാണ്. സംഭവം വിവാദമായതോടെ സംഘം 72 ലക്ഷത്തിന്റെ ചെക്ക് അധ്യാപികയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പുത്തിഗെയിലെ ചില രാഷ്ട്രീയനേതാക്കൾ കർണാടകസംഘവുമായി സംസാരിക്കുന്നതിന് തിങ്കളാഴ്ച മംഗളൂരുവിലെത്തിയിരുന്നു. കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുന്നത് തടയാനും ശ്രമമുണ്ട്.
സചിത റൈയെ സിപിഎം പുറത്താക്കി
ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിചേർക്കപ്പെട്ട സചിത റൈയെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം. കുമ്പള ഏരിയാ കമ്മിറ്റി അറിയിച്ചു.
വിഷയത്തിൽ സി.പി.എമ്മുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. കേസിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.