കോള്‍ വന്നാല്‍ ഭയക്കാതിരിക്കുക, സ്‌ക്രീന്‍ ഷോട്ട് എടുക്കുക; പരാതി നല്‍കുക; രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ല; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി

0
102

രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ലന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് ശക്തമായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ അറസ്റ്റിലാണെന്നു പറഞ്ഞുള്ള കോളുകള്‍ വരുമ്പോള്‍ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയില്‍ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഇവരോട് ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് താന്‍ മന്‍ കീ ബാത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളില്‍ പേടിക്കാതെ ചിന്തിച്ച് പ്രവര്‍ത്തിക്കണം. കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യണം. പിന്നീട് ദേശീയ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. വീഡിയോ കോള്‍ വന്ന നിരവധി ഐഡികള്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്‌തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ ഏജന്‍സികള്‍ക്കിടയില്‍ ഏകോപനം സാധ്യമാകാന്‍ നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവര്‍ പൊലീസ്, സിബിഐ, ആര്‍ബിഐ അല്ലെങ്കില്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഫോണ്‍ ചെയ്യുന്നത്. അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തവിധം അവര്‍ നിങ്ങളെ ഭയപ്പെടുത്തും. മൂന്നാം ഘട്ടത്തിലാണ് സമയവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നത്.

എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഡിജിറ്റല്‍ അറസ്റ്റിന്റെ ഇരകള്‍ ആയിട്ടുണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് പലര്‍ക്കും നഷ്ടമായത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോള്‍ വന്നാല്‍ പേടിക്കേണ്ട. ഒരു അന്വേഷണ ഏജന്‍സിയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ഇത്തരം ചോദ്യം ചെയ്യല്‍ നടത്തുന്നില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ സുരക്ഷയ്ക്ക് 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക. സാധ്യമെങ്കില്‍, ഒരു സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം റെക്കോര്‍ഡ് ചെയ്യുക.ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here