സാദിഖലി തങ്ങൾക്കെതിരായ പ്രസംഗം; ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി, കേസെടുക്കണമെന്ന് ആവശ്യം

0
91

കോഴിക്കോട്: സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി. യൂത്ത് ലീഗ് പ്രവർത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗം സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വിപി റിയാസ് ആണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ഉമ്മർ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വിമർശിച്ചു. സമസ്ത ജോയിൻ്റ് സെക്രട്ടറിയായ ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാടെന്നും ഒരു ജനസദസിൽ പാണക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമർ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടിൽ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാൻ ശ്രമിച്ചാൽ, അങ്ങനെ ശ്രമിക്കുന്നവർ ചെറുതാവുമെന്നും വിമർശനമുണ്ട്. ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഉമർ ഫൈസി അത് സംഘടനയിൽ പറയണം. പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്. ഈ രീതിയിൽ തുടർന്നാൽ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാൻ നിർബന്ധിക്കപ്പെടും. വിഷയം ചർച്ച ചെയ്യാൻ മുശാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here