ചേര്‍പ്പ്: സംസ്ഥാനത്ത് ഇക്കൊല്ലം സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേര്‍. ഒട്ടേറെപ്പേര്‍ക്ക് പാമ്പുകടിയേറ്റു. ഒക്ടോബര്‍ മുതല്‍ വിഷപ്പാമ്പുകളുടെ ഇണചേരല്‍ കാലമായതിനാല്‍ പാമ്പുകളുടെ കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളുടെ കണ്ണില്‍പ്പെടാതെ ആളുകള്‍ക്കിടയില്‍ കഴിയുന്ന വെള്ളിക്കെട്ടന്‍പാമ്പ് പ്രജനനകാലത്ത് മാത്രമാണ് കൂടുതലും പുറത്തിറങ്ങുക.
പെണ്‍പാമ്പുകളുടെ ഫിറോമോണുകള്‍ തിരിച്ചറിഞ്ഞ് അവയുടെ അടുത്തേക്ക് പലയിടങ്ങളില്‍നിന്നും ആണ്‍പാമ്പുകള്‍ ഇഴഞ്ഞെത്തുന്നു. അതിനാലാണ് അവ ഒളിയിടങ്ങളില്‍നിന്നു പുറത്തേക്കുവരുന്നത്. ആണ്‍പോരുകള്‍ നടക്കുമ്പോഴും ഇണചേരല്‍ക്കാലത്തും ഇവ മനുഷ്യരെ കണ്ടാലും ഇഴഞ്ഞുമാറാതെ തിരിഞ്ഞുകടിക്കാനുള്ള സാധ്യതയുണ്ട്. പകല്‍സമയത്തും ഇവയെ ഒറ്റയ്ക്കും ജോഡികളായും കാണാം.
ആണ്‍പാമ്പുകള്‍ തമ്മില്‍ പോരാടിക്കുന്നതു കൂടുതല്‍ കാണുന്നത് ഈ സമയത്താണ്. ഒന്നിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനും സാധ്യതയുണ്ട്. പാമ്പുകളെ രക്ഷിക്കുന്നവര്‍ക്കും ഏറ്റവും തിരക്കുള്ള സമയംകൂടിയാണിത്. പകലും രാത്രിയും ഒട്ടേറെ ഇടങ്ങളില്‍ പോകേണ്ടിവരും. സ്വതവേ ശാന്തരായ ഇനം പാമ്പുകള്‍പോലും ഇണചേരല്‍ക്കാലത്ത് വളരെ അപകടകാരികളായി പെരുമാറും.
അതിനാല്‍ രക്ഷാപ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പുനല്‍കുന്നു. ചികിത്സ വൈകുന്നതും അശാസ്ത്രീയ ചികിത്സയ്ക്കായി വിലപ്പെട്ട സമയം പാഴാക്കുന്നതുമാണ് പാമ്പുകടിയേല്‍ക്കുന്നവര്‍ മരിക്കാന്‍ കാരണമെന്ന് ‘സര്‍പ്പ’ പദ്ധതി നോഡല്‍ ഓഫീസറും വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുമായ വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.