കോഴിക്കോട്: കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ട് രോഷംകൊള്ളുന്നതിനുപകരം അവ നിയമത്തിനുമുന്നിലെത്തിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കേന്ദ്ര ഗതാഗതമന്ത്രാലയം എന്‍.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്‌ളിക്കേഷന്‍വഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും.
ഗതാഗതനിയമലംഘനങ്ങള്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോര്‍ട്ടുചെയ്യാം. ദൃശ്യങ്ങള്‍ക്കൊപ്പം ജി.പി.എസ്. വിവരങ്ങള്‍കൂടി മൊബൈലില്‍നിന്ന് ഉള്‍പ്പെടുത്തിയാകും അപ്ലോഡ് ചെയ്യപ്പെടുക. എവിടെനിന്ന്, ഏതുസമയം ചിത്രീകരിച്ചുവെന്നത് ശാസ്ത്രീയമായി ഇതുവഴി വ്യക്തമാകും.
പ്‌ളേ സ്റ്റോര്‍വഴി മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘നെക്സ്റ്റ് ജെന്‍ എം. പരിവാഹന്‍’ ആപ്പ് വഴിയാണ് അയക്കേണ്ടത്. ആപ്പിലെ ‘സിറ്റിസണ്‍ സെന്റിനല്‍’ എന്ന സെക്ഷനിലെ ‘റിപ്പോര്‍ട്ട് ട്രാഫിക് വയലേഷന്‍’ എന്ന ബട്ടണ്‍ ക്‌ളിക്ക് ചെയ്യണം.
പരാതി രജിസ്റ്റര്‍ചെയ്യാം എന്ന വിഭാഗത്തിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടത്. ഒപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, നിയമലംഘനത്തിന്റെ രീതി, നിയമലംഘനം നടന്ന സ്ഥലത്തിന്റെ ചെറുകുറിപ്പ്, തീയതി, സമയം, സംസ്ഥാനം എന്നിവ രേഖപ്പെടുത്താമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജ് ‘മാതൃഭൂമി’യോട് പറഞ്ഞു. വേറെ വിവരണങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ കമന്റ് ബോക്‌സും ഉണ്ട്.
രജിസ്റ്റര്‍ചെയ്യുന്ന പരാതി ഡല്‍ഹിയിലെ സെര്‍വറില്‍നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് ഉടന്‍ അയക്കും.
കേരളത്തില്‍ ഇത് പരിശോധിക്കുന്നതിനായി ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്ന് കുറ്റകൃത്യം നടന്ന പ്രദേശത്തെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് പരാതി കൈമാറും. അവര്‍ നിശ്ചിതകാലയളവിനുള്ളില്‍ പരാതിയില്‍ നടപടിയെടുക്കും. പരാതി ആരാണുനല്‍കിയതെന്ന് ഇത് കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥനുപോലും അറിയാന്‍ സാധിക്കാത്തവിധത്തിലാണ് സോഫ്റ്റ്വേര്‍.