നര്‍മദ (ഗുജറാത്ത്) : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകത ദിവസ് ആഘോഷചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പരോക്ഷ വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചു. ചില ശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനും വിദേശ നിക്ഷേപകരെ അകറ്റാനും അവര്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഈ അര്‍ബന്‍ നക്‌സലുകളെ എല്ലാ രാജ്യസ്‌നേഹികളും തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം.
രാജ്യത്ത് ഭിന്നത ഉണ്ടാക്കാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. അര്‍ബന്‍ നക്‌സലുകളുടെ ഏക്യത്തെ നാം തിരിച്ചറിയണം. കാടിനുള്ളില്‍ രൂപപ്പെടുകയും യുവാക്കളെ ആയുധമെടുപ്പിക്കുകയും ചെയ്ത മാവോവാദികളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഇതോടെ അര്‍ബന്‍ നക്‌സലിസത്തിന്റെ പുതിയ രൂപം രംഗത്തെത്തിയിരിക്കുകയാണ്. അവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചു.