വാർഡ് വിഭജനത്തിൽ മംഗൽപ്പാടിയെ അവഗണിച്ചു: ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചിന് കൈമാറി

0
114

കാസർകോട്: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൽ മംഗൽപ്പാടി പഞ്ചായത്തിനെ പരിഗണിച്ചില്ലെന്ന് കാണിച്ച് പഞ്ചായത്തംഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ചിന് കൈമാറി.

ജനസംഖ്യാനുപാതികമായി പഞ്ചായത്ത് വിഭജനമോ നഗരസഭയോ ആകേണ്ട മംഗൽപ്പാടിയെ ഇത്തവണയും സംസ്ഥാന സർക്കാർ കൈയൊഴിഞ്ഞെന്നു കാട്ടിയാണ് പത്താം വാർഡംഗമായ മജീദ് പച്ചമ്പള ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേട്ട് വിഷയത്തിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും തുടർവാദത്തിനായി സിംഗിൾ ബെഞ്ചിന് കൈമാറുകയും ചെയ്തു.

മംഗൽപ്പാടി പഞ്ചായത്ത് രണ്ടായി വിഭജിക്കുകയോ നഗരസഭയായി ഉയർത്തുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കുക സാധ്യമല്ലെന്നായിരുന്നു സർക്കാർ വാദം. ഇതേത്തുടർന്നാണ് മംഗൽപ്പാടി പഞ്ചായത്ത് അംഗം മജീദ് പച്ചമ്പള അഭിഭാഷകൻ അനസ് ഷംനാട് മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

കേരള പഞ്ചായത്തീരാജ് ചട്ടങ്ങൾ അനുസരിച്ച് മംഗൽപ്പാടി പഞ്ചായത്തിൽ ജനസംഖ്യ ഇതിനകം തന്നെ ഇരട്ടിയായെന്നും അതിനാൽ 17 വാർഡുകൾ കൂടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ജനസംഖ്യ വർധിച്ചിട്ടും ജനസംഖ്യ കുറഞ്ഞ പഞ്ചായത്തുകളുടെ അതേ സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്. ഇതുകാരണം ജനങ്ങൾക്ക് കൃത്യസമയങ്ങളിൽ സേവനം നൽകാനാകാത്തതിനാൽ നൂറുകണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ജോലി സമ്മർദം ജീവനക്കാരിൽ മാനസികസംഘർഷത്തിനിടയാക്കുന്നതായും ഹർജിയിൽ പറയുന്നു. മംഗൽപ്പാടി പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here