മഞ്ചേശ്വരം : എസ് ഡി പി ഐക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വോർക്കാടി ഗ്രാമ പഞ്ചായത്തിലെ ആനക്കല്ലിൽ മണ്ണ് ഖനനവുമായി ബന്ധപ്പെട്ടു പ്രദേശ വാസികൾ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ സമീപിച്ചിരുന്നു.
തതടിസ്ഥാനത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് ബഡാജെയുടെ നേതൃത്വത്തിൽ നേതാക്കൾ സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ന്യായമായ ആവശ്യ ത്തിനെതിരെ കണ്ണടയ്ക്കുന്ന സമീപനം ഉണ്ടാകാൻ പാടില്ല എന്നു മനസ്സിലാക്കി വിഷയത്തെ പത്ര മാധ്യമങ്ങളിലും, അധികാരികളുടെ മുമ്പിലും നേതാക്കൾ അവതരിപ്പിച്ചു. എന്നാൽ പാർട്ടിക്കെതിരെ മുസ്ലിം ലീഗും ഇതര രാഷ്ട്രീയ പാർട്ടികളും, തല്പര കക്ഷികളും ഒന്നായി നിന്നു കൊണ്ട് വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുകയും നിരോധിത സംഘടനയുടെ പേര് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരണം നടത്തുകയും ചെയ്തു.
യഥാർത്ഥ വിഷയത്തിൽ നിന്ന് ജനങ്ങളെ വഴി തിരിച്ചു വിടാൻ വേണ്ടിയാണിതെന്ന് പാർട്ടി മനസ്സിലാക്കുന്നതായി നേതാക്കൾ പറഞ്ഞു. അതിൽ പ്രദേശത്തെ മുസ്ലിം ലീഗിലെ ചില നേതാക്കളും ഭാഗവാക്കാകുന്നതിൽ പാർട്ടി ആശങ്ക രേ ഖപ്പെടുത്തി. പ്രശ്നത്തിൻ്റെ ഗൗരവം ഉൾകൊണ്ട് രാഷ്ട്രീയത്തിന്നതീതമായി നാട്ടുകാർക്കൊപ്പം നിൽക്കേണ്ടവർ മണ്ണ് മാഫിയയോടൊപ്പം നിന്ന് വ്യാജ പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ പാർട്ടി നാട്ടുകാർക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതു വരെ മൗനത്തിലായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതോടെ എസ്ഡിപിഐക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് ദുരുദ്ദേശപരമാണ്. പാർട്ടിയെ പൊതു സമൂഹത്തിനു മുമ്പിൽ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമം ചെറുക്കും. മണൽ വിഷയത്തിൽ സമര പരിപാടികളുമായി മുസ്ലിം ലീഗ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും, സമര പരിപാടികളുമായി മുമ്പോട്ടു വരുമെന്നുമുള്ള പ്രാദേശിക നേതൃത്വങ്ങളുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. പ്രദേശ വാസികളുടെ നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ പാർട്ടിയുടെ എല്ലാ പിന്തുണയും ആക്ഷൻ കമ്മിറ്റിക്കും നാട്ടുകാർക്കും ഉണ്ടാകുമെന്നു മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ, വൈസ് പ്രസിഡന്റ് അൻവർ ആരിക്കാടി.,സെക്രട്ടറി ഷബീർ പൊസോട്ട്, പാർട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബോംബ്രണ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.