സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കില്ല; നിലവിലെ നിരക്കിന്റെ കാലാവധി നീട്ടി

0
60

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കില്ല. നിലവിലെ നിരക്കിന്റെ കാലാവധി നവംബര്‍ 31 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31ന് തീരാനിരിക്കെയാണ് കമ്മിഷന്റെ നടപടി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന നീട്ടിയതെന്നാണ് സൂചന.

ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ച് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനായിരുന്നു റഗുലേറ്ററി കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക മൂലം സര്‍ക്കാര്‍ ഇതിനെ അനുകൂലിച്ചിരുന്നില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം യൂണിറ്റിന് 34 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2025 ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

താരിഫ് പെറ്റിഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈദ്യുതി റഗുലേറ്ററി കമ്മിഷന് ബാധകമല്ലെങ്കിലും നിരക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടുന്നതാണ് രീതി. ഈ പശ്ചാത്തലത്തിലാണ് നിലവിലെ താരിഫ് ഒരുമാസം കൂടി നീട്ടുന്നത്. വൈദ്യുതി ബോര്‍ഡ് ആദ്യം സമര്‍പ്പിച്ച താരിഫ് പെറ്റിഷനില്‍ വിശദാംശങ്ങള്‍ ചോദിച്ചത് ഉള്‍പ്പടെയുള്ള നപടിക്രമങ്ങള്‍ വൈകിയതിനാല്‍ നിലവിലെ താരിഫ് കാലാവധി രണ്ടുതവണ നീട്ടിയിരുന്നു. അടുത്തമാസം അവസാനമോ ഡിസംബര്‍ ആദ്യമോ പുതിയനിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.

2023 നവംബർ 1 മുതലാണ് നിലവിലെ നിരക്ക് നിലവിൽ വന്നത്. കഴിഞ്ഞ ജൂൺ 30 വരെയായിരുന്നു കാലാവധി. അതിനുള്ളിൽ നിരക്ക് പരിഷ്കരണത്തിന് കെഎസ്ഇബി പുതിയ അപേക്ഷ നൽകാത്തതിനാൽ സെപ്റ്റംബർ 30 വരെ നിലവിലെ നിരക്ക് തുടരുമെന്നു വ്യക്തമാക്കി നേരത്തെ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഒക്ടോബറിലും ഇതേ നിരക്ക് തുടരുമെന്നു വീണ്ടും ഉത്തരവിറക്കി. ഇതു മൂന്നാം തവണയാണ് നിലവിലെ വൈദ്യുതി നിരക്കിന്റെ കാലാവധി നീട്ടി കമ്മിഷൻ ഉത്തരവിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here