സൈബർ ആക്രമണക്കേസിൽനിന്ന് മനാഫിനെ ഒഴിവാക്കും, അർജുന്റെ കുടുംബത്തിന്റെ മൊഴിയിൽ മനാഫിന്റെ പേരില്ല

0
71

കോഴിക്കോട്: സൈബർ ആക്രമണക്കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും. ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണമടഞ്ഞ അർജുന്റെ കുടുംബം ചേവായൂർ പോലീസിന് നൽകിയ മൊഴിയിൽ മനാഫിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഇതോടെയാണ് എഫ്.ഐ.ആറിൽനിന്ന് മനാഫിന്റെ പേര് നീക്കംചെയ്യാനൊരുങ്ങുന്നത്.

രണ്ടുദിവസം മുൻപാണ് അർജുന്റെ കുടുംബം സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് അധിക്ഷേപം നിറഞ്ഞ കമന്റുകൾ വരുന്നുവെന്നാണ് അവർ നൽകിയ മൊഴി. എന്നാൽ മനാഫ് അധിക്ഷേപിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെ കേസിൽനിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്. അതേസമയം മനാഫിന്റെ മൊഴി ശനിയാഴ്ച പോലീസ് രേഖപ്പെടുത്തും. അതിനുശേഷമായിരിക്കും ഇദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കുക.

അർജുന്റെ സഹോദരി കമ്മിഷണർ ടി. നാരായണന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് ചേവായൂർ പോലീസ് കേസെടുത്തത്. സാമുദായികസ്പർധ സൃഷ്ടിക്കുന്നതും കലാപത്തിന് സാധ്യതയൊരുക്കുന്നതുമായ സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here